
വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ കോമ്പൗണ്ട് കഴിഞ്ഞെത്തുന്ന ഒരു പൊതുവഴി. റോഡിന്റെ ഇരുവശത്തും നിറയെ ഭംഗിയുള്ള ചെറുതും വലുതുമൊക്കെയായ വീടുകള്‍. ഇതിലൊന്നാണ് നടനും അവതാരകനുമൊക്കെയായ രമേഷ് പിഷാരടിയുടെ വീട്. ഈ വീടിനോട് ചേര്‍ന്ന് ഒരു പുരയിടത്തില്‍ നിറയെ മൃഗങ്ങള്‍.
ആന, കുതിര, കഴുത, പട്ടി, വിവിധയിനം മനോഹരമായ പക്ഷികള്‍. ഇതെല്ലാമുള്ള ഒരു പെറ്റ് ഫാംഹൗസ്. ഇതിന്റെ ഉടമ തല മുണ്ഡനം ചെയ്ത്, അല്പം കുടവയറും വീതിയേറിയ ചെവിയും സാധാരണ ഷര്‍ട്ടും, കൈലിയുമൊക്കെയുടുത്ത് പ്രത്യേക രീതിയില്‍ സംസാരിക്കുന്ന ഒരാളാണ്.
ആള്ക്കാര് ഇദ്ദേഹത്തെ എടോ, പോടോ, വാടോ എന്നൊക്കെയാണ് വിളിക്കുന്നത്. പ്രത്യേകിച്ചൊരു പേരുമില്ല. ഈ കഥാപാത്രം ജയറാമാണ്.
ധാരാളം പ്രത്യേകതകളുമായിട്ടാണ് രമേഷ് പിഷാരടി പഞ്ചവര്ണ തത്തയെ അവതരിപ്പിക്കുന്നത്. ഈയൊരു പശ്ചാത്തലവും ജയറാമിന്റെ ഈ രൂപവും സംസാരവുമൊക്കെ ഈ പ്രത്യേകതകളിലെ ഏറെ പ്രധാനപ്പെട്ടവയാണ്. മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നിറഞ്ഞ ഒരു ചിത്രംകൂടിയാണിത്.
ജയറാമിനെപ്പോലെ തന്നെ തുല്യപ്രാധാന്യമുള്ള മറ്റൊരു നായകനും ഈ ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബന്, കലേഷ് എന്ന രാഷ്ട്രീയക്കാരനും സ്ഥലം എംഎല്.എ.യുമാണ് കലേഷ്.
ജയറാമും കുഞ്ചാക്കോ ബോബനും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിനുവേണ്ടി പിഷാരടി തെരഞ്ഞെടുത്തത് സ്വന്തം നാടുതന്നെയാണ്. ഒരുപാട് ലൊക്കേഷനുകള്‍ വളരെ സ്വാതന്ത്ര്യത്തോടെ ചിത്രീകരിക്കാന്‍ ഇതുമൂലം കഴിഞ്ഞുവെന്ന് രമേഷ് പിഷാരടി പറഞ്ഞു.
ചിത്രീകരണം നടക്കുന്ന സ്ഥലത്തെ വീട്ടമ്മമാരൊക്കെ പൂര്‍ണമായ സഹകരണം തന്നെയാണ് നല്‍കിയിരിക്കുന്നത്. യൂണിറ്റിന് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ വീട് പൂര്‍ണസ്വാതന്ത്ര്യത്തോടെ നല്കിയിരിക്കുന്നു. പെറ്റ് ഹൗസ് ഒരുക്കുവാന്‍ സ്ഥലം നല്കി.
തൊട്ടുചേര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ കോമ്പൗണ്ടും ചില കെട്ടിടങ്ങളുമൊക്കെ ഈ ചിത്രത്തിനു ലഭിച്ചു. ഇവിടെ ചിത്രീകരണം നടന്നതുകൊണ്ട് സാമ്പത്തികമായും ശാരീരികമായും ഏറെ നേട്ടങ്ങളാണ് ലഭിച്ചത്. പ്ലാന്‍ ചെയ്തതിലും നേരത്തെ ചിത്രീകരണം തീര്‍ക്കാനും കഴിഞ്ഞു. പിഷാരടി പറഞ്ഞു.മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജയറാമിന്റെ മേക്കപ്പ്
ജയറാം ഈ രൂപത്തിലെത്താന്‍ ഒന്നരമണിക്കൂറിലേറെ സമയമാണ് വേണ്ടത്. കാലത്ത് നാലുമണിക്ക് എഴുന്നേല്ക്കു ജയറാം അഞ്ചുമണിയോടെ മേക്കപ്പിനായി ഒരുങ്ങും. ദിവസവും തല മുണ്ഡനം ചെയ്യണം... വയറും ചെവിയുമൊക്കെ വച്ചുപിടിപ്പിക്കണം. ഇതെല്ലാം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തിരിക്കുകയാണ് ജയറാം.
ഈ ചിത്രത്തിലൂടെ വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടുപേരുടെ ജീവിതവും ഇരുവരുടെയും ഒന്നിച്ചുചേരലുമാണ് പറയുന്നത്. വലിയവനും ചെറിയവനും എന്നുള്ള വ്യത്യാസം ഇവരുടെ ജീവിതത്തിലും അരങ്ങേറിയിരുന്നു.
ഒരു ഘട്ടത്തില്‍ ഇരുവര്‍ക്കും തങ്ങളുടെ ധാരണകള്‍ തെറ്റാണെന്നു തോന്നുന്നു. അതോടെ അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുമുണ്ടാകുന്നു. ഇതെല്ലാം പൂര്‍ണ്ണമായും നര്മ്മമുഹൂര്ങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. കലേഷിന്റെ ഭാര്യ ചിത്ര എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്.
ധര്മ്മജന് ബോള്‍ഗാട്ടി അവതരിപ്പിക്കുന്ന 'വേലു' എന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ജയറാമിന്റെ ആത്മസുഹൃത്തും കഴുത ബിസിനസ്സുകാരനുമാണ്.
സലിംകുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, അശോകന്, ജനാര്ദ്ദനന്, മണിയന് പിള്ള രാജു, പ്രേംകുമാര്‍, ബാലാജി, ജോജു ജോര്‍ജ്, ചാലിപാലാ, നന്ദനുണ്ണി, കനകലത, മഞ്ജു, പാര്‍വ്വതി സോമനാഥ്, മല്ലികാ സുകുമാരന്‍, സുബീഷ്, സാജന് പള്ളുരുത്തി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രമേഷ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനും നാദിര്‍ഷയും ഈണം പകരുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റിയൂം ഡിസൈന്‍- സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- രവീഷ്, ആസാദ്, സഹസംവിധാനം സഞ്ജു അമ്പാടി, ബിനു ജി. നായര്‍, വിജീഷ് അരൂര്‍, അമിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്- ജോണ്‍ കുടിയാന്മല, പ്രശാന്ത് നാരായണന്, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് അര്ജ്ജുനന്. സപ്ത തരംഗ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
-വാഴൂര്‍ ജോസ്
ഫോട്ടോ: ഹരി തിരുമല