
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലന സാധ്യത പ്രവചിച്ച് നാസയുടെ പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യാജമെന്ന് ഔദ്യോഗിക അറിയിപ്പ്. രാജ്യതലസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനം ഉടന്‍ ഉണ്ടാവുമെന്ന സന്ദേശമാണ് നാസയുടെ പേരില്‍ വാട്സ്ആപ്പില്‍ വൈറലായത്.
റിക്ടര്‍ സ്കെയിലില്‍ 9.1 മുതല്‍ 9.2 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകുമെന്നാണണ് നാസയുടെ പേരില്‍ പ്രചരിച്ച വാട്സ്ആപ്പ് സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ ഏഴിനും 15 നുമിടയിലായി ഭൂചലനം സംഭവിക്കുമെന്നും, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഗുരുഗ്രാമായിരിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ നാസയുടെ വെബ്സൈറ്റില്‍ ലഭിക്കുമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഇതു കുടുതല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഡല്‍ഹിയിലെ ഭൂചലനത്തിന്റെ ഫലമായി 2480 കിലോമീറ്റര്‍ അകലെ തമിഴ്നാട്ടില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നും വ്യാജ വാര്‍ത്തയില്‍ ഉണ്ടായിരുന്നു.
ഭൂചലനം പ്രവചിക്കാന്‍ കഴിയില്ലെന്നും, അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായാല്‍ ആദ്യം നല്‍കുക കേന്ദ്രസര്‍ക്കാര്‍ ആയിരിക്കുമെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നാസ വാട്സ്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിക്കില്ലെന്നും ശാസ്ത്രഞ്ജര്‍ ഉറപ്പു നല്കുന്നു.






