
''എന്തു പറ്റിയെടോ... കുറച്ചുനാളായല്ലോ താന്‍ ഇതുവഴിയൊക്കെ വന്നിട്ട്?''
ചെറിയൊരു ഇടവേളയ്ക്കുശേഷം വീട്ടിലെത്തിയ വേണുവിനോട് സുകു കുശലം ചോദിച്ചു.
''എന്തു പറയാനാ ചേട്ടാ... ശരീരത്തിനു നല്ല സുഖമില്ലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടറ് പറഞ്ഞു, കൊളസ്ട്രോള്‍ കൂടുതലാണെന്ന്. രണ്ടുദിവസംകൂടി നോക്കിയിട്ട് കുറയുന്നില്ലെങ്കില്‍ മരുന്ന് കഴിക്കണമത്രേ.
ഞാനൊന്നും വലിച്ചുവാരി കഴിക്കാറില്ലെന്ന് ചേട്ടനറിയാല്ലോ. എന്നിട്ടും കൊളസ്ട്രോള്‍ ഉണ്ടായതെന്താന്നാ എനിക്കു മനസിലാകാത്തെ.'' വേണു നിരാശയോടെ പറഞ്ഞു.
''കൊഴുപ്പുളള ഭക്ഷണം കഴിക്കുന്നതുകൊണ്ടു മാത്രമല്ല വേണൂ കൊളസ്ടോള് ഉണ്ടാകുന്നത്. വ്യായാമക്കുറവ്, ജീവിതശൈലി തുടങ്ങിയ പല കാരണങ്ങളാലും ഇതുണ്ടാവാം.
ഈ അസുഖത്തെ വെറും നിസാരമായി കാണരുത്. കൊളസ്ട്രോളായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് രക്തം പമ്പു ചെയ്യുന്ന ധമനികളില്‍ പറ്റിപ്പിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. അത് ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം.''
''ഇതിനു ചില നാടന്‍ പരിഹാരങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ ചേട്ടാ...''
''അതു ശരിയാ... എനിക്കറിയാവുന്ന ചിലത് പറയാം. കുറച്ച് കറിവേപ്പിലയും പുതിനയിലയും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് മൂന്നു ഗ്ലാസാക്കിവറ്റിച്ചെടുക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും ബാക്കിയുള്ളത് പലതവണയായും കുടിച്ചാല്‍ കൊളസ്ടോള് കുറയും.
നാരങ്ങാവെള്ളവും തേനും ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതും നല്ലതാണ്. കറിവേപ്പില, ചിരട്ടക്കഷണങ്ങള്‍ എന്നിവ ഒരുമിച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് മറ്റൊരു മാര്‍ഗം.
ഭക്ഷണത്തില്‍ കാന്താരി ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ ചെറുക്കാന്‍ സഹായിക്കും. എന്തായാലും ഡോക്ടറെ കണ്ടിട്ടേ ഇതൊക്കെ ചെയ്യാവൂ കേട്ടോ...''






