
മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന് ഇന്ത്യൻ വിപണിയിൽ എത്തുന്നു. പുതിയ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ്. ജിഎല്‍സ് 400, 350d ഗ്രാന്‍ഡ് എഡിഷന് പതിപ്പുകള്‍ക്ക് 86.90 ലക്ഷം രൂപയാണ് ഡൽഹി എക്സ്ഷോറൂം വില.
സ്റ്റാന്‍ഡേര്‍ഡ് ജിഎല്‍എസിനെ അപേക്ഷിച്ച് കോസ്മറ്റിക് അപ്ഡേറ്റുകള് മാത്രമാണ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ പ്രധാന വിശേഷം. എസ്യുവികളിലെ എസ്-ക്ലാസ് എന്നാണ് ജിഎല്‍എസ് ക്ലാസ് അറിയപ്പെടുന്നത്. പുതിയ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ എഞ്ചിനില്‍ മാറ്റങ്ങളില്ല. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് 3.0 ലിറ്റര്‍ V6 എഞ്ചിനാണ് കരുത്ത് പകരുന്നത്. പെട്രോള്‍ എഞ്ചിന് പരമാവധി 333 bhp കരുത്തും 480 Nm ടോർക്കും സൃഷ്ടിക്കാനാവും. 258 bhp കരുത്തും 620 Nm ടോർക്കും പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്.
ബോണറ്റിലുള്ള ക്രോം ഫിന്നുകള്‍, കറുത്ത വളയങ്ങളോട് കൂടിയ ഇന്റലിജന്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 20 ഇഞ്ച് പത്തു സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ചൂടേകുന്ന ത്രീ-സ്പോക്ക് മള്‍ട്ടിഫങ്ഷന്‍ സ്റ്റീയറിംഗ് വീൽ ലഭിച്ചിട്ടുണ്ട്. നാപ്പ ലെതറാണ് സ്റ്റീയറിംഗ് വീലില്‍. 12 ഫങ്ഷന് കീ, പാഡില്‍ ഷിഫ്റ്ററുകള്‍, നാപ്പ് ലെതറില്‍ പൊതിഞ്ഞ എയര്‍ബാഗ് കവറുകള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.






