
ഇന്ത്യയിലുടനീളമുള്ള അപ്പാച്ചെ RR 310 മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിച്ച് ടിവിഎസ്. 2.05 ലക്ഷം രൂപയ്ക്കാണ് അപ്പാച്ചെ RR 310 വിപണിയിലെത്തിയത്. ഇപ്പോൾ RR 310 ന്റെ ഡൽഹി എക്സ്ഷോറൂം 2.23 ലക്ഷം രൂപയാണ് വില. 18,000 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ വില വർധനവിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും കമ്പനി വെബ്സൈറ്റിൽ പുതുക്കിയ വില വിവരങ്ങൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
പുതുക്കിയ വില ഏപ്രിൽ ഒന്നു മുതൽ തന്നെ പ്രാബല്യത്തിൽ വന്നുവെന്നാണ് റിപ്പോർട്ട്. 2017 ഡിസംബറിലാണ് ടിവിഎസ് അപ്പാച്ചെ RR 310 നെ വിപണിയിലെത്തിച്ചത്. അതേസമയം, ജനുവരി മുതലായിരുന്നു ബൈക്കിന്റെ വിതരണമാരംഭിച്ചത്.
അപ്പാച്ചെ RR 310 നെ ടിവിഎസ് ബ്ലാക്ക്, റെഡ് നിറങ്ങളിലായിരുന്നു അവതരിപ്പിച്ചത്. ഫോർ സട്രോക്ക്, ഫോർ വാൾവ്, സിങ്കിൾ സിലിണ്ടർ 312 സിസി എൻജിനാണ് അപ്പാച്ചെ RR 310 ക്ക് കരുത്തേകുന്നത്. 33.5 ബിഎച്ച്പിയും 27.3 എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് ഗിയർബോക്സും ലഭിക്കുന്നുണ്ട്.






