
ശ്വാസകോശ കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണ്. ഇതിന് കാരണങ്ങള്‍ പലതാണെങ്കിലും പുകവലിക്ക് ഇതില്‍ പ്രധാന പങ്കുണ്ട്.
പുകവലിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ളവരെ രോഗം കൂടുതല്‍ ബാധിക്കുന്നു.
കാരണങ്ങള്‍
പുകവലിയാണ് 80 ശതമാനം മുതല്‍ 90 ശതമാനം വരെ ശ്വാസകോശാര്ബുദങ്ങള്ക്കും കാരണം. സിഗരറ്റിന്റെ പുകയിലടങ്ങിയ ആര്‍സനിക്, ലെഡ്, കാഡ്മിയം, ഐസോപ്രീന്‍, ബെന്‍സീന്‍, നൈട്രോസമീനുകള്‍ തുടങ്ങി അറുപതിലധികം രാസപദാര്‍ഥങ്ങള്‍ കാന്‍സറിന് കാരണമാണ്.
പരോക്ഷ പുകവലി (പാസീവ് സ്മോക്കിംഗ്) കാന്സറുണ്ടാക്കാന് സാധ്യതയുള്ള മറ്റൊരു ഘടകമാണ്. പുകവലിക്കുന്നവരുടെ കൂടെ താമസിക്കുന്നവര്‍ക്കും അവരുമായി അടുത്തിടപഴകുന്നവര്‍ക്കും സിഗരറ്റുപുക ശ്വസിക്കേണ്ടിവരുന്നതുകൊണ്ട് 20 മുതല്‍ 30 ശതമാനം വരെ കാന്‍സര്‍ സാധ്യതയുണ്ട്.
ജനിതകമായ മാറ്റങ്ങള്‍ കൊണ്ടും (ജീനുകളില്‍ വരുന്ന മാറ്റങ്ങള്‍) അര്‍ബുദം ഉണ്ടാവാം. ബാക്കിയുള്ള 10 ശതമാനം ശ്വാസകോശാര്ബുദങ്ങള്ക്കുള്ള കാരണം വായു മലിനീകരണവും രാസപദാര്‍ഥങ്ങളും വിഷ പദാര്ഥങ്ങളുമായിട്ടുള്ള ദീര്‍ഘകാല സമ്പര്ക്കവുമാവാം.
ഇത്തരം പദാര്‍ഥങ്ങളുമായി ജോലിസ്ഥലത്ത് ഇടപഴകേണ്ടിവരുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകാനിടയുണ്ട്. ഉദാഹരണമായി ആസ്ബറ്റോസ്, റഡോണ്‍, ആര്‍സനിക്, കല്‍ക്കരി പദാര്‍ഥങ്ങള്‍, ഡീസലിന്റെ ഫലമായി ഉണ്ടാകുന്ന പുക, യുറേനിയം, വിനൈല്‍ ക്ലോറൈഡ് തുടങ്ങിയവ.
ഇത്തരം ജോലിക്കാര്‍ പുകവലിക്കുകയും കൂടി ചെയ്യുമ്പോള്‍ അര്‍ബുദ സാധ്യത കൂടുന്നു.ആസ്ബറ്റോസുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് 10 - 40 വര്‍ഷങ്ങള്‍ക്കു ശേഷവും ശ്വാസകോശാര്‍ബുദം ഉണ്ടാകാം.
റഡോണ്‍ എന്നത് നിറവും മണവുമില്ലാത്ത ഒരു റേഡിയോ ആക്ടീവ് വാതകമാണ്. ഇത് മണ്ണ്, പാറ, വെള്ളം എന്നിവയിലടങ്ങിയ യുറേനിയത്തില്നിന്നും ഉണ്ടാകുന്നു. കെട്ടിടത്തിന്റെ നിലം, ചുവര്, അടിത്തറ, നിലവറ എന്നിവയിലെ വിള്ളലുകളിലൂടെയും കിണറ്റിലെ വെള്ളത്തിലൂടെയും റഡോണ്‍ മനുഷ്യശരീരത്തിലെത്താനും ശ്വാസകോശാര്‍ബുദം ഉണ്ടാക്കാനും സാധ്യതയുണ്ട്.
വിവിധതരം
ശ്വാസകോശാര്ബുദങ്ങള് പ്രധാനമായി രണ്ടുതരം ശ്വാസകോശാര്ബുദമാണുള്ളത്. സ്മോള്സെല് ലംഗ് കാന്‍സര്‍, നോണ്‍ സ്മോള്‍ സെല്‍ ലംഗ് എന്നിവയാണ് രണ്ടുതരം ശ്വാസകോശാര്‍ബുദം. ശ്വാസകോശാര്‍ബുദത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്മോള്സെല് ലംഗ് കാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്നു.
ഇത് പ്രധാനമായും പുകവലിക്കുന്നവരിലാണ് കാണപ്പെടുന്നത്. അതേസമയം പുകവലിക്കാത്തവരില്‍ അപൂര്‍വവുമാണ്. ശ്വാസനാളിയിലാണ് സാധാരണ ഇത് കാണപ്പെടുന്നത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടര്‍ന്നു പിടിച്ചേക്കാം.
രണ്ടാമത്തെ വിഭാഗമായ നോണ്‍ സ്മോള്‍ സെല്‍ ലംഗ് വിഭാഗത്തിലുള്ള അര്‍ബുദമാണ് ഏറ്റവുമധികം കാണപ്പെടുന്നത്. (ശ്വാസകോശാര്‍ബുദത്തിന്റെ 85 - 90 ശതമാനം) ഇത് മൂന്നതരത്തിലാണുള്ളത്.
സ്ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോകാര്‍സിനോമ, ലാര്‍ജ് സെല്‍ കാര്‍സിനോമ എന്നിവയാണവ. ഇതില്‍ സ്ക്വാമസ് സെല്‍ കാര്‍സിനോമ പുകവലിക്കാരില്‍ കൂടുതലായി കാണപ്പെടുന്നു. ശ്വാസനാളിയുടെ വശങ്ങളിലാണ് അര്‍ബുദം കാണപ്പെടുന്നത്.
അഡിനോകാര്‍സിനോമ പുകവലിക്കുന്നവരിലും പുകവലിക്കാത്തവരിയലും ഒരുപോലെ കണ്ടുവരുന്നു. നോണ്‍ സ്മോള്‍ സെല്‍ ലംഗ് കാന്‍സറിന്റെ 40 ശതമാനം അഡിനോകാര്‍സിനോമയാണ്. ചെറുപ്പക്കാരിലും സ്ത്രീകളിലും കൂടുതല്‍ കാണപ്പെടുന്നു. ഇത് മറ്റ് ഭാഗങ്ങളിലേക്ക് മെല്ലെ വ്യാപിക്കുന്നു.
ലാര്‍ജ് സെല്‍ കാര്‍സിനോമ നോണ്‍ സ്മോള്‍ സെല്‍ ലംഗ് കാന്‍സറിന്റെ 10 - 15 ശതമാനമാണ്. ശ്വാസകോശത്തിന്റെ ഏതുഭാഗത്തും ഉണ്ടാകാം. വളരെവേഗം മറ്റ് ഭാഗങ്ങളിലേക്ക് രോഗം വ്യാപിക്കും. ചികിത്സിച്ചു ഭേദമാക്കാന്‍ വിഷമമായിരിക്കും.
ലക്ഷണങ്ങള്‍ തിരിച്ചറിയുക
ശ്വാസകോശാര്‍ബുദത്തിനു പ്രത്യേക ലക്ഷണമൊന്നും ഇല്ലാത്തതിനാല്‍ ആദ്യ ഘട്ടങ്ങളില്‍ കണ്ടുപടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങളായ ചുമ, ശ്വാസം മുട്ടല്‍ എന്നിവ മറ്റു ശ്വാസകോശ രോഗങ്ങളിലും കാണാം.
ചിലപ്പോള്‍ മറ്റുരോഗങ്ങള്ക്കു വേണ്ടി നടത്തുന്ന നെഞ്ചിന്റെ എക്സ് റേ, സി.ടി സ്കാന്‍ എന്നീ പരിശോധനകള്ക്കിടയിയില് ശ്വാസകോശാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നു. തുടര്‍ച്ചയായി നീണ്ടു നില്ക്കുന്ന ചുമയും ശ്വാസമുട്ടലുമുണ്ടെങ്കില് ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തേണ്ടതാണ്.
ചികിത്സാ രീതികള്‍
രോഗത്തിന്റെ ഘട്ടവും (എത്രത്തോളം വ്യാപിച്ചു എന്നത്) രോഗിയുടെ ആരോഗ്യനിലയും അനുസരിച്ച് ചികിത്സ നിര്‍ണയിക്കുന്നു. ഒന്നാം ഘട്ടത്തില്‍ ശസ്ത്രക്രിയയും രണ്ടാം ഘട്ടത്തില്‍ ശസ്ത്രക്രിയയോടൊപ്പം റേഡിയേഷനും മൂന്നാം ഘട്ടത്തില്‍ കീമോതെറാപ്പിയോടൊപ്പം റേഡിയേഷനും നാലാം ഘട്ടത്തില്‍ കീമോതെറാപ്പി മാത്രവുമാണ് ചികിത്സ.
ചിലപ്പോള്‍ രോഗിയുടെ ആരോഗ്യനില അനുസരിച്ച് വിവിധ ചികിത്സാ രീതികള്‍ യോജിപ്പിച്ചു നല്‍കാറുണ്ട്. ഉദാഹരണം രോഗി ഹൃദ്രോഗിയാണെങ്കില്‍ ഒന്നാം ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്താതെ, പകരം കീമോതെറാപ്പിയും റേഡിയേഷനും നല്കുന്നു.
1. ശസ്ത്രക്രിയ:
ശസ്ത്രക്രിയ വഴി രോഗം ബാധിച്ച ഭാഗം നീക്കം ചെയ്യുന്നു.
2. റേഡിയോതെറാപ്പി:
പുതിയ രീതിയായ ഇമേജ് ഗൈഡഡ് റേഡിയേഷന് തെറാപ്പിയില്‍ രോഗമുള്ള ഭാഗത്തു മാത്രം റേഡിയേഷന് നല്കുന്നതിനാല് മറ്റ് പാര്‍ശ്വഫലങ്ങള്‍ കുറയുന്നു.
3. കീമോതെറാപ്പി:
അര്‍ബുദ കോശങ്ങള്‍ നശിപ്പിക്കാനുള്ള പലതരം മരുന്നുകള്‍ നല്കുന്നു.
4. ടര്ഗെറ്റഡ് തെറാപ്പി:
രോഗിക്ക് തന്റെ ദൈംദിന ജോലികളില്‍ തടസം വരാതെ ചികിത്സ നടത്താമെന്നതാണ് ടാര്‍ഗെറ്റഡ് തെറാപ്പി എന്ന പുതിയ ചികിത്സാ രീതിയുടെ പ്രത്യേകത.
ചിലതരം പ്രത്യേക ഗുളികകളാണ് ഇതിനുപയോഗിക്കുന്നത്. പക്ഷേ, ജീനുകളില്‍ മാറ്റം (മ്യൂട്ടേഷന്) ഉണ്ടെങ്കില്‍ മാത്രമേ ഈ ചികിത്സാ രീതി ഫലപ്രദമാവുകയുള്ളൂ.
'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന സിഗരറ്റ് പായ്ക്കറ്റുകളില്‍ അച്ചടിക്കുകയും സിനിമാ തിയറ്ററുകളിലും ടിവി പരിപാടികളിലും എഴുതിക്കാണിക്കുകയും ചെയ്യുന്നത് നാം ഗൗരവമായി എടുക്കേണ്ടതാണ്.