
മുഖത്ത് രണ്ടു കുരുക്കള്‍ കണ്ടതോടെ കാര്‍ത്തിക്കിന് ചെറിയൊരു ഭയം തോന്നി. അപ്പുറത്ത വീട്ടിലെ സുജിത്തിന് ചിക്കന്‍ പോക്സാണെന്നു കേട്ടു. അസുഖം തിരിച്ചറിയുന്നതിനുമുമ്പ് അവനോടു സംസാരിച്ചു നിന്നിരുന്നു. തനിക്കും ആ അസുഖമായിരിക്കുമോ?എന്തായാലും അവന് പോയി ഡോക്ടറെ കണ്ടു.
''താന്‍ പേടിക്കുന്നതുപോലെ ഒന്നുമില്ലെടോ... ഈ പ്രായത്തില്‍ സാധാരണ ഉണ്ടാകുന്ന കുരുക്കളാ ഇത്.''
പരിശോധനയ്ക്കുശേഷം ഡോക്ടര്‍ പറഞ്ഞു:
''പിന്നെ... താന്‍ സംശയിച്ചതില്‍ തെറ്റൊന്നുമില്ല. ചിക്കന്‍ പോക്സ് ഒരു പകര്‍ച്ചവ്യാധിയാണ്. വാരിസെല്ലാസോസ്റ്റര്‍ എന്ന വൈറസാണ് ഇതുണ്ടാക്കുന്നത്.
പനി, ഛര്‍ദ്ദി, തലവേദന, തലകറക്കം, ക്ഷീണം, അസഹനീയമായ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇവയോടൊപ്പം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പൊന്തുകയും താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ ചിക്കന്‍ പോക്സാണെന്നു സ്ഥിരീകരിക്കാം.
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗികളുമായുളള സമ്പര്‍ക്കം മറ്റുള്ളവര്‍ കഴിയുന്നത്ര ഒഴിവാക്കണം. രോഗാണുക്കള്‍ ശരീരത്തില്‍ കടന്നാലും 10-20 ദിവസത്തിനുളളിലേ രോഗം പ്രകടമാവുകയുള്ളൂ.''
''രോഗം വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ഡോക്ടര്‍?'' കാര്‍ത്തിക് ചോദിച്ചു.
''ചിക്കന്‍ പോക്സുള്ളവര്‍ നിത്യേന കുളിക്കാതിരിക്കുന്നതാണു നല്ലത്. അഥവാ നിര്‍ബന്ധമാണെങ്കില്‍ സോപ്പോ രാസവസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാന്‍. വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത് കൂടുതല്‍ അണുബാധയേല്ക്കാതിരിക്കാന് സഹായിക്കും. രോഗികള്‍ക്ക് ശുചിത്വം അനിവാര്യമാണ്.
കുമിളകള്‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാല്‍ രോഗശേഷംശരീരത്തില് പാടുകള്‍ ഉണ്ടാവില്ല. ആര്യവേപ്പിലയും മഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും. ചില ഓയിന്റ്മെന്റുകളും വിപണിയില്‍ ലഭ്യമാണ്.''






