
ചെന്നൈ: തങ്ങളോട് വിയോജിക്കുന്നവരുടെ മതവിശ്വാസവും മതപരമായ പേരുകളുമൊക്കെ കണ്ടെത്തി ആക്രമിക്കുക എന്നത് ബി.ജെ.പി നേതാക്കളും അനുയായികളും പുലര്‍ത്തിവരുന്ന ശൈലിയാണ്. നേരത്തെ നടന് വിജയ്യെ ജോസഫ് വിജയ് എന്നും സംവിധായകന് കമലിനെ കമാലുദീന് എന്നും മാത്രമേ ബി.ജെ.പി നേതാക്കളും അണികളും വിശേഷിപ്പിക്കൂ. വിജയ്ക്കും കമലിനും പിന്നാലെ ഇപ്പോള്‍ ബി.ജെ.പി ആക്രമണത്തിനിരയാകുന്നത് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവാണ്.
താനൊരു മുസ്ലീമാണെന്ന് കഴിഞ്ഞ ദിവസം ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ബി.ജെ.പിയേയും അണികളേയും ചൊടിപ്പിച്ചത്. ഞാനൊരു മുസ്ലീമായാണ് ജനിച്ചത്. മരിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കും. അതില്‍ മാറ്റം വരുത്തില്ല. മതത്തിന്റെ നിയമം അനുസരിച്ചല്ല ഞാന്‍ ജീവിക്കുന്നത്. എന്റെ നിയമം എല്ലാവരോടും സഹാനുഭൂതിയും മനുഷ്യത്വവും തുല്യാവകാശവും ബഹുസ്വരതയുമാണ്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ നിയമമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്-ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
ഈ ട്വീറ്റിന് പിന്നാലെ ഖുശ്ബുവിനെതിരെ സംഘടിത ആക്രമവണവും ട്രോളുകളും തുടങ്ങിയിരിക്കുകയാണ്. ഇതുവരെ നിരീശ്വരവാദിയായിരുന്ന ഇപ്പോള്‍ മുസ്ലീമായെന്നാണ് പ്രധാന ആക്ഷേപം. മുസ്ലീമായ ഖുശ്ബു എന്തിന് ഹിന്ദു പേര് ഉപയോഗിക്കുന്നുവെന്നും ഒരു വിഭാഗം സംഘപരിവാര്‍ അണികള്‍ ചോദിക്കുന്നു. ആക്രമണം പരിധി വിട്ടതോടെ ഖുശ്ബു തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി. ഖുശ്ബു സുന്ദര്‍ ബി.ജെ.പിക്ക് നഖ്ഹത്ത് ഖാന് എന്നാണ് അവരുടെ പുതിയ ട്വിറ്റര്‍ പേര്.







Comments