
ബജറ്റ് പെര്‍ഫോര്‍മന്‍സ് ബൈക്കുകളില്‍ പുതിയ ടിവിഎസ് അപാച്ചെ RR310 സ്വന്തമാക്കാനാണ് ബൈക്ക് പ്രേമികൾക്ക് ഇഷ്ടം. അടുത്തിടെയാണ് അപാച്ചെ RR310ന്റെ വില കൂട്ടിയത്. ബുക്ക് ചെയ്താല്‍ കാത്തിരിക്കേണ്ടത് നാലും മാസമാണ്. എന്നിട്ടും ആളുകൾക്ക് പ്രിയം അപാച്ചെ RR310 നോടാണ്.
983 അപാച്ചെ RR310 കളെയാണ് മാര്‍ച്ച് മാസം ടിവിഎസ് വിപണിയില്‍ വിറ്റത്. എന്നാൽ, RC390, ഡ്യൂക്ക് 390 ബൈക്കുകളുടെ വില്പന 716 യൂണിറ്റ് മാത്രമാണ്. കേവലം 13,000 രൂപയുടെ വ്യത്യാസം മാത്രമാണ് ഫ്ളാഗ്ഷിപ്പ് അപാച്ചെ ബൈക്കിന് കരുത്തന് കെടിഎം RC390 യുമായി. ഡിസംബറില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് കെടിഎം ബൈക്കുകളെ ടിവിഎസ് അപാച്ചെ RR 310 വില്പനയില് പിന്നിലാക്കിയത്.
ബ്ലാക്, റെഡ് നിറങ്ങളിലാണ് ടിവിഎസ് അപാച്ചെ RR310 ന്റെ ഒരുക്കം. കെടിഎം RC390 യ്ക്ക് പുറമെ ബജാജ് ഡോമിനാര്‍ 400, ബെനലി 302R ബൈക്കുകളും അപാച്ചെ RR310 ന്റെ എതിരാളികളാണ്. ജനുവരി മുതലാണ് അപാച്ചെ RR310 ന്റെ വിതരണം കമ്പനി ആരംഭിച്ചത്. ടിവിഎസിന്റെ ഫ്ളാഗ്ഷിപ്പ് ബൈക്കില്‍ 313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ്. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm ടോർക്കും സൃഷ്ടിക്കാനാവും.






