
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി സെന്‍ട്രല്‍ യൂണിറ്റിലെ കളക്ഷന്‍ തുകയില്‍ കള്ളനോട്ടുകള്‍ വര്‍ധിക്കുകയാണെന്നും കണ്ടക്ടര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ സര്‍ക്കുലര്‍. ഏപ്രില്‍ ഏഴിന് 200 രൂപയുടെ 26 കള്ളനോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സംഭവത്തില്‍ പോലീസും കെ.എസ്.ആര്.ടി.സിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ജീവനക്കാരന് ബാങ്കിലടയ്ക്കാന്‍ കൊണ്ടുവന്ന തുകയില്‍ 200 രൂപാ നോട്ടിന്റെ 26 കളര്‍ ഫോട്ടോസ്റ്റാറ്റാണ് ഉണ്ടായിരുന്നത്. ഇക്കാര്യം ബാങ്ക് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ തമ്പാനൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ബാങ്കുകാര് നോട്ട് പോലീസിന് കൈമാറി. ഇതേതുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ കളക്ഷന്‍ അടയ്ക്കുന്ന രൂപയില്‍ കള്ളനോട്ട് ക്രമാതീതമായി കൂടുന്നതിനാല്‍ കണ്ടക്ടര്‍മാര്‍ കൗണ്ടറില്‍ കളക്ഷന്‍ അടയ്ക്കുന്നതിന് മുന്‍പായി അവരവരുടെ വേബില്ലിനു പുറകില്‍ 200, 500,2000 രൂപാ നോട്ടുകളുടെ സീരിയല്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കേണ്ടതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.






