
രാവിലെ ഉണര്‍ന്നു മുഖം കഴുകിയപ്പോള്‍ വാഷ് ബേസിനിലാണ് ആദ്യം കണ്ടത്. പിറ്റേന്ന് മുടി ചീകുമ്പോള്‍ ചീപ്പില്‍ കുടുങ്ങി അറ്റം പിളര്‍ന്ന് രണ്ടെണ്ണം. ദിവസങ്ങള്‍ കഴിയുന്തോറും ബാത്ത്റൂമിലും കിടക്കയിലും നെഞ്ചിടിപ്പ് ഉയര്‍ത്തി മുടിയിഴകള്‍.
കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച മുടിയുടെ അനുസരണയില്ലാത്ത കൊഴിഞ്ഞുപോക്ക് ഇങ്ങനെ എത്രയെത്ര ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്നുണ്ടാവും!
മനോഹരമായ ഇടതൂര്‍ന്നു വളരുന്ന കറുത്ത മുടിയാണ് ഏതൊരാളുടെയും ആഗ്രഹം. ആരോഗ്യമുള്ള മുടി സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. പക്ഷേ, ആ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന വെല്ലുവിളിയാണ് മുടികൊഴിച്ചില്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന മുടികൊഴിച്ചില്‍ സൗന്ദര്യ പ്രശ്നങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.
കൊഴിയുന്ന മുടിയഴക്
മനുഷ്യ ശരീരത്തിലെ പരമാവധി മുടിയുടെ നീളം ജനിതക ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യരില്‍ ശരാശരി ഒരു ലക്ഷം മുടിയിഴകളാണുള്ളത്. അതില്‍ നിന്നും 100 മുതല്‍ 150 മുടികള്‍വരെ ദിവസവും കൊഴിയുന്നു. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ അധികം മുടി കൊഴിയുന്നത് രോഗലക്ഷണമായി കണക്കാക്കാം.
മുടി കെട്ടിവയ്ക്കുമ്പോള്‍ കട്ടികുറയുന്നതായി അനുഭവപ്പെടുക, വട്ടത്തില്‍ മുടികൊഴിയുക, തലയിണയിലോ നിലത്തോ സാധാരണയിലും അധികം മുടി കാണുക തുടങ്ങിയവയൊക്കെ മുടികൊഴിച്ചില്‍ ആരംഭിച്ചതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.
മുടികൊഴിയുന്നതിന് പിന്നില്‍
പാരമ്പര്യം, ചര്‍മ്മരോഗങ്ങള്‍, ശാരീരിക - മാനസിക അസുഖങ്ങള്‍, പോഷകങ്ങളുടെ കുറവ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇവയൊക്കെയാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങള്‍ . ഇതില്‍ കൂടുതലും കാണപ്പെടുന്നത് പരമ്പരാഗതം അല്ലെങ്കില്‍ ജനിതകമായുള്ള കാരണങ്ങളാലുള്ള മുടികൊഴിച്ചിലാണ്.
ഇതിനെ പാറ്റേണ്‍ഡ് ഹെയര്‍ ലോസ് (പിഎച്ച് എല്‍) അല്ലെങ്കില്‍ കഷണ്ടി എന്ന് വിളിക്കും. കഷണ്ടി പ്രായമായവരിലാണ് കാണാറുള്ളത്. എന്നാല്‍ ഇന്ന് കൗമാരപ്രായം മുതല്‍ കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.
കഷണ്ടി വ്യാപിക്കുന്നതിന്റെ രീതിയും വേഗതയും നിര്‍ണയിക്കുന്നത് വ്യക്തിയുടെ ജനിതക അവസ്ഥയാണ്. ഇതില്‍ ഓരോ ഹെയര്‍ സൈക്കിളിലും മുടിയുടെ നീളവും കട്ടിയും കുറഞ്ഞ് കുറഞ്ഞ് വരും. ഇതിനെ 'മിനിയേച്ചറൈസേഷന്‍' എന്നു പറയും.
പുരുഷന്മാരില് വശങ്ങളിലും പിന്നിലുമുള്ള മുടിയിഴകള്‍ കൊഴിയുകയാണ് പതിവ്. പുരുഷന്മാര്ക്ക് കഷണ്ടിയുടെ ആദ്യ ലക്ഷണം തലയുടെ ഇരുഭാഗത്തും നെറ്റി കയറുന്നതാണ്. അതിനുശേഷം മൂര്‍ദ്ധാവില്‍ മുടിയുടെ കട്ടി കുറഞ്ഞു വരും. കഷണ്ടി പുരോഗമിക്കുന്നതിനനുസരിച്ച് തലയ്ക്ക് മുന്നിലും പിന്നിലുമുള്ള മുടികൊഴിച്ചില്‍ വ്യാപിച്ച് പൂര്‍ണ കഷണ്ടിയാവുന്നു.






