
തിരുവനന്തപുരം: പോലീസ് അസോസിയേഷന് സമ്മേളനത്തിലെ മുദ്രാവാക്യം വിളിയില്‍ അന്വേഷണം. റേഞ്ച് ഐജിമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിയുടെ ഉത്തരവ്. വിവിധ ജില്ലകളില്‍ നടന്ന പോലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ധിച്ചു വരികയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് ഡിജിപി ടി.കെ വിനോദ് കുമാര്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പോലീസ് അസോസിയേഷന്റെ യോഗങ്ങളില്‍ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്നും ഇന്റലിജന്‍സ് ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി.






