
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് ഒഴിവാക്കിയതോടെ ഫലത്തില്‍ റിപ്പോര്‍ട്ട് അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയതില്‍ പ്രതികരണവുമായിട്ടാണ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയത്. സരിതയുടെ കത്ത് തള്ളിയ സാഹചര്യത്തില്‍ കമ്മീഷന് റിപ്പോര്‍ട്ട് തന്നെ അസാധുവായെന്നും, തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം ജനം വിലയിരുത്തട്ടെയെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് എഴുതിയ കത്ത് ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിരുന്നു. ഈ കത്താണ് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയത്. കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു.






