
ശരീരസൗന്ദര്യത്തില്‍ പാദങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആകര്‍ഷമായ, വൃത്തിയുള്ള പാദങ്ങള്‍ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു വ്യക്തിയുടെ വൃത്തിയും സ്വഭാവവും അയാളുടെ പാദങ്ങളില്‍ നിന്നും മനസിലാവും.
ചിലര്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി മുഖത്തിനു മാത്രം കൂടുതല്‍ ശ്രദ്ധനല്‍കുന്നു. എന്നാല്‍ 'അടി തൊട്ട് മുടി വരെ' എന്ന സൗന്ദര്യ സങ്കല്പം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. മുഖത്തിന് നല്കുന്ന അതേ പ്രാധാന്യം പാദങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്.
പാദസംരക്ഷണത്തിനായി അനാവശ്യമായി പണം ചെലവാക്കേണ്ടതില്ല. ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്ന പാദസൗന്ദര്യക്രിയ (പെഡിക്യൂര്‍) രാസപദാര്‍ഥങ്ങള്‍ ഇല്ലാതെ ആയുര്‍വേദ രീതിയില്‍ വീട്ടില്‍തന്നെ ചെയ്യാവുന്നതാണ്.
ഒന്നാം ഘട്ടം (2 മിനിറ്റ്)
പഞ്ഞിക്കഷണം ചൂടുള്ള പാലില്‍ മുക്കി കാലിന്റെ നഖങ്ങളില്‍ നല്ലപോലെ ഉരസുക. നഖങ്ങളില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റു നിറങ്ങളും ഇളകി പോകാന്‍ ഇതു സഹായിക്കുന്നു.
രണ്ടാം ഘട്ടം (20 മിനിറ്റ്)
ഒരു പരന്ന വക്കോടുകൂടിയ പാത്രത്തില്‍ ഇളം ചൂടുവെള്ളം എടുക്കുക. ഇതില്‍ അരമുറി നാരങ്ങാ നീര്, ഉള്വഞ്ചിക്കായ ചതച്ചത് (ആയുര്‍വേദ ഷാംപൂ ഉപയോഗിക്കാം), ഒരു നുള്ള് ഉപ്പ് ഇവ ഇട്ട് നന്നായി ഇളക്കി അതില്‍ കാല് പാദങ്ങള്‍ രണ്ടും 20 മിനിറ്റു നേരം ഇറക്കിവയ്ക്കുക.
20 മിനിറ്റിന് ശേഷം ഒരു പ്യൂമിക് സ്റ്റോണ്‍ (വെള്ളത്തില്‍ ഇട്ടാല്‍ പൊങ്ങിക്കിടക്കുന്ന ഭാരം കുറഞ്ഞ ഒരുതരം ഉരകല്ല്) കൊണ്ട് പാദത്തിനടിയിലും വശങ്ങളിലും, മൃദുവായി ഉരസുക. അടിഞ്ഞ് കൂടിയിരിക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനാണിത്.
വിണ്ടു കീറിയ ഭാഗത്ത് വളരെ ശ്രദ്ധയോടെ വേണം ഇതു ചെയ്യാന്‍. അതിനുശേഷം ഈ ഭാഗങ്ങളില്‍ എല്ലാം കട്ടികുറഞ്ഞ ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കാവുന്നതാണ്.
മൂന്നാം ഘട്ടം
നന്നായി കഴുകി വൃത്തിയാക്കിയ പാദങ്ങളെ ഒരു തോര്‍ത്ത് കൊണ്ട് ഒപ്പി നഖങ്ങള്‍ വൃത്തിയായി അര്ഥവൃത്താകൃതിയില് വെട്ടിയെടുക്കണം. അതിനു ശേഷം വശങ്ങള് ഉരച്ച് ആകൃതി വരുത്താം.
നാലാം ഘട്ടം
പാദാഭ്യംഗത്തിനായി സൗന്ദര്യം വര്‍ധിക്കുന്ന തൈലങ്ങളുടെ പ്രയോഗം അഭികാമ്യമാണ്. കാല്‍മുട്ട് മുതല്‍ പാദാഗ്രം വരെയുള്ള ഭാഗത്ത് നല്ല രീതിയിലുള്ള ഉഴിച്ചില്‍ നടത്താം. ഇത് കാല്‍വേദനയ്ക്കും ശമനം വരുത്തുന്നു.
പാദസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന തൈലങ്ങള്‍
1. മഞ്ജിഷ്ഠാദി തൈലം
2. ഏലാദി തൈലം
3. ബദാം തൈലം
4. നാല്‍പ്പമരാദി തൈലം
നിറവ്യത്യാസം ഉണ്ടായാല്‍
1. പാരന്ത്യാദി തൈലം
2. ദുര്വാദിതൈലം
അഞ്ചാം ഘട്ടം (5 - 10 മിനിറ്റ്)
മിഴുക്ക് ഇട്ടശേഷം പാദത്തിലേയും കാലിലെയും കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി ഫൂട്ട് സ്ക്രബ് ഉപയോഗിക്കാം. ഇതിനായി വിവിധ ലേപനങ്ങള്‍ ചേര്‍ത്തുള്ള അഭ്യംഗമാണ് ചെയ്യേണ്ടത്.
ചെറുപയര്‍, തേന്‍, പാല് ഇവ ചാലിച്ച് അതിലെ ചെറുപയറിന്റെ തരി നന്നായി തട്ടുന്ന രീതിയില്‍ മൃദുവായി പാദം ഉഴിയാം. താഴേക്കാണ് ഉഴിയേണ്ടത്. കശ്കശ് തേനുമായി ചേര്‍ത്ത് ഇതുപോലെ ഉഴിയാവുന്നതാണ്. കൂടാതെ നവരയുടെ തരി പാലില്‍ കുറുക്കിയും ഉഴിച്ചില്‍ നടത്താം.
ആറാംഘട്ടം (ലേപനം, 20 മിനിറ്റ്)
4. ചെറുപയര്‍ പൊടി, തൈര്, ഇവയോടൊപ്പം സിദ്ധാര്ഥക ചൂര്‍ണമോ ഏലാദി ചൂര്‍ണമോ ചേര്‍ത്തും ലേപനം ചെയ്യാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞാല്‍ ഉണങ്ങിയ ലേപനത്തിന് മുകളില്‍ അല്പം നനച്ചുകൊണ്ടു മെല്ലെ മസാജ് ചെയ്ത് ഇളക്കുക. അതിനു ശേഷം നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് മാറ്റാവുന്നതാണ്.
ഹസ്ത സൗന്ദര്യ സംരക്ഷണം
എല്ലാ ഘട്ടങ്ങളും മേല്‍ വിവരിച്ചപോലെതന്നെയാണ്. നഖം വെട്ടുന്നതിനായി അല്പനേരം കൈകള്‍ ചൂടുവെള്ളത്തില്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. പ്യൂമിക് സ്റ്റോണ്‍ കൊണ്ട് കൈകള്‍ ഉരയ്ക്കേണ്ടതിന്റെ ആവശ്യമില്ല. തരിയുള്ള ലേപനം തേച്ച് സ്ക്രബ് ചെയ്താല്‍ മതിയാവും.
ഇപ്രകാരമുള്ള വൃത്തിയാക്കല്‍ പ്രക്രിയ രണ്ടാഴ്ച കൂടുമ്പോള്‍ ചെയ്യേണ്ടതാണ്. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ പാല്‍പ്പാടയും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം കൈകളില്‍ പുരട്ടി, പഞ്ചസാര തരി ലയിക്കുന്നതു വരെ മസാജ് ചെയ്താല്‍ വരണ്ട ചര്‍മ്മം മാറിക്കിട്ടും. നിത്യേന കൈകള്‍ ശോഭയുള്ളതായി തിളങ്ങുകയും ചെയ്യും. പാദങ്ങളില്‍ തൈലം പുരട്ടിയാല്‍ മതിയാകും.
കൈകളുടെ അലങ്കാരത്തിന് മൈലാഞ്ചിയണിയുമ്പോള് അത് നഖങ്ങളിലും ചാര്‍ത്തുകയാണെങ്കില്‍ നഖങ്ങള്‍ക്ക് ബലവും ശക്തിയും കൂടും.
പാദങ്ങള്‍ വിണ്ട് കീറുന്നതിന് ജീവന്ത്യാദി യമകമോ തിക്തകം ഘൃതമോ പുറമേ പുരട്ടാവുന്നതാണ്. മണല്‍ത്തരികള്‍ ഉള്ളില്‍ കടക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തില്‍ വളരെ ക്ഷമയോടെ പരിപാലിച്ചാല്‍ നമ്മുടെ കര - പാദങ്ങള്‍ക്ക് നല്ല തിളക്കവും ആകര്‍ഷണവും ഉണ്ടാകും. ഉറങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും അല്പം ചൂടുവെള്ളത്തില്‍ കൈകാലുകള്‍ കഴുകുന്നതും നല്ലതാണ്.
കടപ്പാട്:
ഡോ. ആദിത്
ആയുര്‍മിത്രം, കോഴിക്കോട്