പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ട് വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാള്‍ രക്ഷപെട്ടു. കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ഇറക്കുന്നതിനിടെയാണ് ഒരാള്‍ ഓടിരക്ഷപെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
ഓടിപ്പോയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരു സ്ത്രീയുള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. പ്രതികളുമായി ഷോളയൂര്‍ പോലീസാണ് മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയില്‍ എത്തിയത്. ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കാന്‍ പോലീസ് വാഹനത്തില്‍ നിന്ന് ഇവരെ ഇറക്കുന്നതിനിടെയാണ് ഒരാള്‍ ഓടി രക്ഷപെട്ടത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.






