
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി സഞ്ജിത ചാനു ഉയര്‍ത്തിയ സ്വര്‍ണ്ണം നഷ്ടമാകുമെന്ന് സൂചന. ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ചാനുവിന് ഭാഗികമായി വിലക്കേര്‍പ്പെടുത്തി.
കോമല്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജിത ചാനു സ്വര്‍ണ്ണം ഉയര്‍ത്തിയത്. സ്നാച്ചില്‍ 84 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോഗ്രാമും ഉയര്‍ത്തി ആകെ 192 കിലോഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണ്ണമെഡല്‍ നേടിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെ ചാനുവിന്റെ സ്വര്‍ണ്ണമെഡല്‍ തിരിച്ചെടുക്കാനും സാധ്യത തെളിഞ്ഞു. മുമ്പ് ഗ്ലാസ്സ്കോ ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തിലും ചാനു സ്വര്‍ണ്ണം നേടിയിരുന്നു.






