Authored by Web Desk | Last updated: 05 Jun 2018, 2:55 PM | 1 min read
നന്ദന മുദ്ര ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് തേജസ് പെരുമണ്ണയും സുധിയും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മാധവീയം പ്രദര്‍ശനത്തിനൊരുങ്ങി. സുധി രചനയും സംഗീതവും നിര്‍വഹിച്ചു. പി. സുശീല, വാണിജയറാം, എം.ജി. ശ്രീകുമാര്‍, സുനില്‍ കുമാര്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ എന്നിവരാണ് ആലാപനം. ഛായാഗ്രഹണം- അരവിന്ദ്.
ലോകപ്രശസ്ത ചിത്രകാരനായ മാധവദേവ് എന്ന കഥാപാത്രത്തെ നടനും നര്‍ത്തകനുമായ വിനീത് അവതരിപ്പിക്കുന്നു. പ്രണയ എന്ന പുതുമുഖമാണ് നായിക.
ഒരിക്കല്‍ ചിത്രകാരനായ മാധവദേവ് തന്റെ സുഹൃത്തായ ചലച്ചിത്ര സംവിധായകന്റെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. സുഹൃത്ത് അദ്ദേഹത്തോട് ഷൂട്ടിംഗ് കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയും മാധവദേവ് ക്ഷണം സ്വീകരിക്കുകയും ചെയ്തു.
നായകനും നായികയും ചേര്‍ന്നുള്ള നൃത്തരംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. അവരോടൊപ്പം നൃത്തം ചെയ്തുകൊണ്ടിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരു യുവതിയുടെ രൂപം മാധവദേവിന്റെ മനസിനെ സ്പര്‍ശിച്ചു. ആ സുന്ദരി അദ്ദേഹത്തിന്റെ മനസില്‍ സൃഷ്ടിച്ച സ്പാര്‍ക്ക് അവര്ണനീയമായിരുന്നു.
അവിവാഹിതനും സുന്ദരനും കോടീശ്വരനും ലോകം ആദരികകുന്ന ചിത്രകാരനുമായ മാധവദേവ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ശ്രദ്ധിക്കുമ്പോള്‍ അവളില്‍ അവര്‍ണനീയമായ പ്രത്യേകത ഉണ്ടാവാതെ തരമില്ല. മല്ലിക എന്നാണ് ആ സുന്ദരിയുടെ പേര്.
മല്ലികയെക്കുറിച്ചുള്ള ചിത്രകാരന്റെ അന്വേഷണം എത്തിച്ചത് ഒരു ചേരിയിലായിരുന്നു. ചേരിയിലെ ഈ സുന്ദരിയില്നിന്നു പിന്മാറാന് മാധവദേവ് തയാറായില്ല. അഗാധമായ അനുരാഗത്തിന്റെയും അതിനു ശേഷമുള്ള സംഭവബഹുലമായ യാഥാര്‍ത്ഥ്യങ്ങളുടെയും ആകാംക്ഷ നിറഞ്ഞ കഥയാണ് തേജസും സുധിയും ചേര്‍ന്നു പറയുന്നത്.
വിനീത് പറഞ്ഞു: എന്റെ അഭിനയജീവിതത്തില്‍ അഭിമുഖീകരിക്കപ്പെട്ട കഥാപാത്രങ്ങളില്‍വച്ച് ഏറ്റവും വ്യത്യസ്തവും അഭിനയത്തിന്റെ ഔന്നത്യങ്ങളിലേക്ക് വളര്‍ന്നുകയറാന്‍ സാധിച്ചതുമായ കഥാപാത്രമാണ് മാധവദേവ് എന്ന ചിത്രകാരന്.
വാസനാണ് അസോസിയേറ്റ്. തേജസ് പെരുമണ്ണയുടെ നാലാമത് സിനിമയാണ് മാധവീയം. ഗീതാവിജയന്‍, ബാബു നമ്പൂതിരി, സി.വി. ദേവ്, അംബികാ മോഹന്‍, കുട്ട്യേടത്തി വിലാസിനി, വരുണ്‍ തേജസ്, സ്വാതിക, സ്നേഹാന്ത് മഹേന്ദന്‍, രാജഗോപാലക്കുറുപ്പ്, സുന്ദരന്‍, മധു ശ്രീകുമാര്‍, സുരേഷ് ബാബു തുടങ്ങിയവരാണ് അഭിനേതാക്കള്‍.
എഡിറ്റിംഗ്- കപില്‍ ഗോപാലകൃഷ്ണന്, പശ്ചാത്തല സംഗീതം- സലാം വീരൊളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് കളമശേരി, മേക്കപ്പ്- റഷീദ് അഹമ്മദ്, ആര്‍ട്ട് മുരളി ബേപ്പൂര്‍, വസ്ത്രാലങ്കാരം- പ്രസാദ് ആനക്കര, നൃത്തം- രേഖാ മാസ്റ്റര്‍, ഫിനാന്‍സ് കണ്ട്രോളര്- ദിലീപ് കുമാര്‍ എം.കെ., പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍- ജഗനാഥന് കെ.പി.