മലപ്പുറം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതിലുണ്ടായ വിവാദത്തില്‍ പ്രതിഷേധിച്ച് അജ്ഞാതര്‍ മലപ്പുറം കുന്നുമ്മലിലുള്ള ഡിസിസി ഓഫീസില്‍ ലീഗിന്റെ പതാക ഉയര്‍ത്തി. ഇന്നലെരാത്രി മുതല്‍ കൊടിമരത്തിലെ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായാണ് ലീഗിന്റെ പതാക പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവാദമായപ്പോള്‍ ഇത് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.
യുഡിഎഫിന്റെ ഒപ്പം ഇല്ലാതിരുന്നിട്ടും മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്കുന്നതില് മുന്നില്‍ നിന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇത് ലീഗ് കോണ്‍ഗ്രസിന്റെ മുകളില്‍ നില്ക്കുന്നു എന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്ന പ്രതിഷേധമായിരുന്നു ഇത്.
രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതില്‍ വലിയ പ്രതിഷേധം കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ നിന്നടക്കം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധവുമായി പലയിടങ്ങളിലും കോലം കത്തിക്കലടക്കം നിരവധി പ്രതിഷേധങ്ങളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് ഡിസിസി വൃത്തങ്ങള്‍ അറിയിച്ചു.






