
ആരാധകരുടെ പഴികള്‍ ഒരുപാട് കേള്‍ക്കേണ്ടി വന്നു മെസിക്ക് ആ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ. അതോടെ ഐസ്ലാന്‍ഡിനെതിരായ മത്സരത്തില്‍ മെസിക്കും കൂട്ടര്‍ക്കും സമനില വഴങ്ങേണ്ടി വന്നു. മത്സരം കഴിഞ്ഞതോടെ ആ ഗോള്‍ തടഞ്ഞ ഗോളിയാണ് ഇപ്പോള്‍ താരവും.
ഇപ്പോള്‍ ആ പെനാല്‍റ്റി ഗോള്‍ തടഞ്ഞ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഐസ്ലന്ഡ് ഗോളി ഹാനെസ് തോര്‍ ഹാള്‍ഡോര്‍സണ്‍. മത്സരത്തിനു ദിവസങ്ങള്‍ക്ക് മുന്നേ തന്നെ മെസിയുടെ പെനാല്‍റ്റികള്‍ പലയാവര്‍ത്തി കണ്ട് പഠിച്ചിരുന്നുവെന്ന് ഹാള്‍ഡോര്‍സണ്‍ പറഞ്ഞു.
പെനാല്‍റ്റിയെടുക്കുന്ന സമയത്തെ മെസിയുടെ തന്ത്രങ്ങളും ഷോട്ടുതിര്‍ക്കുന്ന രീതികളുമെല്ലാം മനസിലാക്കിയതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നും ഇതിനു മുന്‍പത്തെ പെനാല്‍റ്റികള്‍ തടുക്കുന്നതില്‍ തനിക്ക് പറ്റിയ പിഴവുകളും മനസിലാക്കിയിരുന്നുവെന്നും ഹാള്‍ഡോര്‍സണ്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ മെസിയുടെ പെനാല്‍റ്റി തട്ടിയകറ്റാനായത് സ്വപ്നതുല്യമായ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.




