
പച്ച ലേസര്പോയിന്റര് കൊണ്ടു പതിവായി കളിച്ചിരുന്ന ഒമ്പതു വയസ്സുകാരന്റെ കണ്ണ് ഉരുകി ദ്വാരം വീണതിനെ തുടര്‍ന്ന് പകുതി കാഴ്ച പോയി. ഗ്രീസിലെ വോളോസില് നടന്ന സംഭവത്തില്‍ കാഴ്ചക്കുറവിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഒരു വര്‍ഷമായി കാഴ്ചക്കുറവുണ്ടെന്ന പരാതിയില്‍ പരിശോധന നടന്നപ്പോള്‍ കണ്ണിലെ മുറിവിന് ഒരു വര്‍ഷം പഴക്കമുള്ളതായും കണ്ടെത്തി.
മുഖവും അക്ഷരങ്ങളുമെല്ലാം വ്യക്തത നല്കുന്ന റെറ്റീനയുടെ ഇടതുഭാഗത്തെ മാക്കുളയില് ഒരു വലിയ ദ്വാരമാണ് സ്കാനിംഗില്‍ കണ്ടെത്തിയത്. സാധാരണഗതിയില്‍ കാഴ്ചമങ്ങല്‍ വരുത്തുന്ന മാക്കുളയിലെ സാധാരണയായി സംഭവിക്കുന്ന ഹോളുകള്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ അത് ഇവിടെ പറ്റില്ല. ഹോളിന് ചുറ്റുമുള്ള ഞരമ്പുകള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ ശസ്ത്രക്രിയ പോലും ഗുണകരമാകില്ല.
പയ്യന് കളിക്കാന്‍ വേണ്ടി പിതാവ് തെരുവില്‍ നിന്നും വാങ്ങിയതായിരുന്നു ഉപകരണം. സാധാരണ പ്രകാശത്തില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ലേസര്‍ പലപ്പോഴും അപകടകരമാണ്. ഒരു വേവ് ലംഗ്ത്ത് മാത്രമുള്ളതും ഒരു പ്രത്യേക നിറത്തിലുള്ളതും ആയതിനാല്‍ പലപ്പോഴും ഇതിന് കാരണം നിറം തന്നെയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ചുവപ്പും ഓറഞ്ചും നിറത്തിലുളളതിനേക്കാള് ഹാനികരമാണ് നീലയും പച്ചയും ലേസറുകളെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പയ്യന്റെ ഇടതുകണ്ണിന്റെ കാഴ്ച നശിച്ചു കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായാല്‍ പോലും കണ്ണിന് കാഴ്ച കിട്ടിയേക്കില്ലെന്നും പറയുന്നു.






