
2018 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ്യുവികള് ഇന്ത്യൻ വിപണിയിൽ. പ്രാരംഭ റേഞ്ച് റോവര്‍ സ്പോര്‍ട് വകഭേദങ്ങളുടെ ഡൽഹി എക്സ്ഷോറൂം വില 99.48 ലക്ഷം മുതലാണ്. 1.74 കോടി രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ എസ്യുവി ഇന്ത്യയില്‍ വില്പനയ്ക്കെത്തുന്നത്.
ഇരു മോഡലുകളുടെയും പ്രീ-ബുക്കിംഗ് ലാന്‍ഡ് റോവര്‍ ഏപ്രില്‍ മാസം മുതല്‍ ആരംഭച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളെ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയും ബുക്ക് ചെയ്യാം. ടെറെയ്ന്‍ റെസ്പോണ്‍സ് 2, വൈദ്യുത എയര്‍ സസ്പെന്ഷന്, ഇരട്ട സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്സ്, അഡാപ്റ്റീവ് ഡയനാമിക്സ് അങ്ങനെ പോകുന്നു ഫീച്ചറുകൾ.
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകളില്‍ നാലു എഞ്ചിന് പതിപ്പുകള്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ സൂപ്പര്ചാര്ജ്ജഡ് V6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജ്ഡ് V8 പെട്രോള്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 4.4 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിന് പതിപ്പുകളിലാണ് എസ്യുവികൾ എത്തുന്നത്. വോള്‍വോ XC90, ഔഡി Q7, ബിഎംഡബ്ല്യു X5, മെര്‍സിഡീസ് ബെന്‍സ് GLS മോഡലുകളോടാണ് റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ അങ്കം. പോര്‍ഷ കയെന്, ജാഗ്വാര്‍ F-Pace, ജീപ് ഗ്രാന്‍ഡ് ചെറോക്കി എന്നിവരോടാണ് റേഞ്ച് റോവറിന്റെ മത്സരം.






