ആന്ദ്രേ ഇനിയേസ്റ്റാ ബൂട്ടഴിച്ചു: ലോകകപ്പ് തോല്‍വിയോടെ സ്പെയിനിന്റെ തിരിച്ചടി പതിന്മടങ്ങ്!
ആന്ദ്രേ ഇനിയേസ്റ്റാ ബൂട്ടഴിച്ചു: ലോകകപ്പ് തോല്‍വിയോടെ സ്പെയിനിന്റെ തിരിച്ചടി പതിന്മടങ്ങ്!
Authored by Web Desk | Last updated: 02 Jul 2018, 2:19 PM | 1 min read
നഷ്ടപ്പെടാന്‍ ഒന്നമില്ലാത്തവരും നഷ്ടപ്പെടാന്‍ ഒരുപാടുള്ളവരും തമ്മിലുള്ള പോരാട്ടമായിരുന്നു സ്പെയിന്-റഷ്യ പ്രീക്വാര്‍ട്ടര്‍. എന്നാല്‍ ആതിഥേയര്‍ക്കു മുന്നില്‍ കളി മറന്ന സ്പെയിന് ലോകകപ്പില്‍ നിന്നും പുറത്തായതോടെ ഇതിഹാസതാരം ആന്ദ്രേ ഇനിയേസ്റ്റയും ബൂട്ടഴിച്ചു.
ലോകകപ്പ് തോല്‍വിക്കു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇനിയേസ്റ്റ വിരമിച്ചത്. ഇത് തന്റെ അവസാന ലോകകപ്പ് ആകുമെന്ന് ഇനിയേസ്റ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാഴ്സലോണ താരമായിരുന്ന ഇനിയേസ്റ്റ, സീസണവസാനത്തോടെ ക്ലബ് വിട്ടിരുന്നു.
സ്പെയിനിനുവേണ്ടി 131 മത്സരങ്ങള്‍ കളിച്ച മധ്യനിരതാരം 13 ഗോളുകള്‍ നേടിയിട്ടുണ്ട്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് സ്പെയിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു ഇനിയേസ്റ്റ. ഇനിയേസ്റ്റയുടെ ഗോളിലാണ് നെതര്‍ലാന്‍ഡ്സിനെ തോല്‍പ്പിച്ച് സ്പെയിന് ജേതാക്കളായത്. റഷ്യന്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന ഇനിയേസ്റ്റ 67-ാം മിനിറ്റിലാണ് ഇറങ്ങിയത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ സ്പെയിനിനുവേണ്ടി ആദ്യ കിക്കെടുക്കാന്‍ എത്തിയത് ആന്ദ്രേ ഇനിയേസ്റ്റ എന്ന ഇതിഹാസം ആയിരുന്നു. സ്പെയിനിനായി തന്റെ അവസാന ഷോട്ടും വലയിലെത്തിച്ചാണ് ആന്ദ്ര ഇനിയേസ്റ്റ പടിയിറങ്ങിയത്.