
പുതിയ ഡ്യുവൽ ടോൺ നിറത്തിൽ ടൊയോട്ട എത്യോസ് ലിവ. ഇനി മുതൽ കറുപ്പ്-ഓറഞ്ച് ഡ്യുവൽ ടോൺ നിറത്തിൽ കൂടി എത്യോസ് ലിവ ലഭ്യമാകും. 5.85 ലക്ഷം രൂപയാണ് പുതിയ 'ഇൻഫേർണോ ഓറഞ്ച്' നിറഭേദത്തിന് എക്സ്ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 7.44 ലക്ഷം രൂപയാണ് വില.
എത്യോസ് ലിവയെ നിലവിൽ ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറഭേദങ്ങളിലാണ് അണിനിരത്തിയിരിക്കുന്നത്. എത്യോസ് ലിവയുടെ പുതിയ ഇൻഫേർണോ ഓറഞ്ച് നിറം V, VX, VD, VDX വകഭേദങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
ബ്ലാക്ക് നിറത്തിലുള്ള ഗ്രിൽ, ബ്ലാക്ക് റൂഫ്, ബ്ലാക്ക് നിറത്തിലുള്ള പിൻ സ്പോയിലറും മിററും, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകൾ, ഓറഞ്ച് നിറത്തിലുള്ള ബോഡി എന്നിവയാണ് പ്രധാന ഡിസൈൻ ഫീച്ചറുകൾ.
79 ബിഎച്ച്പിയും 104എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ പെട്രോൾ, 67ബിഎച്ച്പിയും 170 എൻഎം ടോർക്കും നൽകുന്ന 1.4 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് എത്യോസ് ലിവയുടെ കരുത്ത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉള്ളത്.
ഉയരം ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്റർ കൺസോൾ, ഓഡിയോ കൺട്രോൾ ബട്ടണുകളുള്ള സ്റ്റിയറിങ് വീൽ, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നിവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകൾ.






