അമൃത്സര്‍: ഡല്‍ഹിയിലെ കൂട്ട ആത്മഹത്യക്ക് രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു മറ്റൊരു കൂട്ടമരണം കൂടി. പഞ്ചാബിലെ അമൃത്സര്‍ മകോവാല് ഗ്രാമത്തിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുടുംബത്തിലെ മുത്തശ്ശിയും മകളും കൊച്ചുമകളുമാണ് ദുരൂഹമായ നിലയില്‍ മരിച്ചത്. കര്‍തര്‍ കൗര്‍, ഹര്‍മീത് കൗര്‍, ദില്‍പ്രീത് കൗര്‍ എന്നിവരുടെ മൃതദേഹമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.
കര്തറുടെ മകള്‍ മൂന്ന് ദിവസമായി ഫോണ്‍ചെയ്തിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ഗ്രാമത്തിലെ തന്നെ മറ്റൊരു ബന്ധുവിനെ വിട്ട് അന്വേഷിച്ചപ്പോഴാണ് മരിച്ച സംഭവം അറിയുന്നത്.
മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് കര്തറിന്റെ കൊച്ചുമകന് അമര്‍ബിര്‍ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നുവെന്ന് ഗ്രാമത്തിലെ ഒരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കയറിച്ചെന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതില്‍ ദില്പ്രിത് കൗറും ഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇവരുടെ മരണത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അമര്‍ബിര്‍ പറഞ്ഞു.






