
മുംബൈ: മഹാരാഷ്ട്രയെ നിശ്ചലമാക്കിയ മറാത്ത പ്രക്ഷോഭത്തില്‍ മുംബൈയില്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ജനങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിനാണ് മുംബൈ നഗരത്തില്‍ നടത്തിവന്ന ബന്ദ് പിന്‍വലിക്കുന്നതെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു. അതേസമയം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബന്ദ് തുടരുകയാണ്. ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്തവാദികള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ആവശ്യപ്പെട്ട് നടത്തുന്ന ബന്ദ് മഹാരാഷ്ട്രയെ നിശ്ചലമാക്കി. പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരിലൊരാള്‍ ചൊവ്വാഴ്ച ഔറംഗബാദില്‍ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. 28 കാരനായ കക്കസാഹേബ് ദത്താത്രേയ ഷിന്‍ഡെയാണ് ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പ്രതിഷേധക്കാരില്‍ മറ്റൊരാളും പാലത്തില്‍ നിന്ന് ഗോദാവരിയിലേക്ക് ചാടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. അതേസമയം, വിഷം കഴിച്ച് ആത്മഹ;യാശ്രമം നടത്തിയ മൂന്നാമത്തെയാള്‍ ഇന്നു രാവിലെ മരിച്ചു. മുംബൈ, താനെ, നവിമുംബൈ, തുടങ്ങി സംസ്ഥാനത്തിന്റെ സുപ്രധാന മേഖലകള്‍ എല്ലാം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരുന്നു.
താനെയിലും നവി മുംബൈയിലും കടകള്‍ പൂര്‍ണ്ണമായും അടച്ചു. ഓട്ടോറിക്ഷകള്‍ പോലും റോഡിലിറങ്ങിയിട്ടില്ല. മിക്കയിടങ്ങളിലും ബസ്, ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു. എന്നാല്‍, സ്കൂളുകളേയും കോളജുകളേയും ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവി മുംബൈയുടെ പ്രധാന ഭാഗമായ കലംബോലിയില്‍ മുംബൈ- പൂനെ എക്സ്പ്രസ്വേയില് കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ 45,000 ഓളം പോലീസുകാരെയാണ് നഗരങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. മുംബൈയിലെ ലാല്‍ബാഗില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ കടകള്‍ എല്ലാം ബലമായി അടപ്പിച്ചു. മുംബൈ-പൂനെ, മുംബൈ-ഗോവ റോഡുകള്‍ കടന്നുപോകുന്ന പല്‍വേല്‍ ജംഗ്ഷന് സമരക്കാര്‍ തടഞ്ഞു. താനെയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഏറെക്കുറെ തടസ്സപ്പെട്ടിട്ടുണ്ട്. സമരക്കാര്‍ റെയില്‍വേ ട്രാക്കുകളില്‍ കയറിനിന്നാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധം അവഗണിച്ചും റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. ഈസ്റ്റേണ്‍ എക്സ്പ്രസ്വേ അടക്കം പ്രധാന റോഡുകള്‍ എല്ലാം സമരക്കാര്‍ തടസ്സപ്പെടുത്തി. ഇന്നലെ നടന്ന കല്ലേറില്‍ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. മഹാരാഷ്ട്രയില്‍ ജനസംഖ്യയുടെ 30 ശതമാനവും മറാത്ത വംശജരാണ്. അതിനാല്‍ തന്നെ രാഷ്ട്രീയപരമായും സ്വാധീനം ചെലുത്തുന്ന ഈ വിഭാഗത്തിന്റെ പ്രതിഷേധം മഹാരാഷ്ട്രയെ മുള്‍മുനയില്‍ നിര്‍ത്തി നീങ്ങുകയാണ്.






