
സ്റ്റോക്ക്ഹോം: പട്ടാപ്പകല്‍ അനേകം സന്ദര്‍ശകര്‍ നോക്കി നില്‍ക്കേ സ്വീഡന്റെ ചരിത്രാവശേഷിപ്പുകളില് ഒന്നായ കാള്‍ ഒമ്പതാമന്‍ രാജാവും ക്രിസ്റ്റീന രാജ്ഞിയും അണിഞ്ഞിരുന്ന വിലയേറിയ കല്ലുകള്‍ വെച്ച കിരീടങ്ങള്‍ മോഷ്ടിക്ക് കള്ളന്മാര് കടന്നുകളഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റോക്ക്ഹോമില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെ പ്രസിദ്ധമായ കത്തീഡ്രലില്‍ നിന്നുമായിരുന്നു മോഷണം.
സന്ദര്‍ശകരെപ്പോലെ സൈക്കിളില്‍ എത്തിയ മോഷ്ടാക്കള്‍ കിരീടങ്ങള്‍ അടിച്ചു മാറ്റിക്കൊണ്ട് തൊട്ടടുത്ത തടാകത്തിലൂടെ സ്പീഡ്ബോട്ടിലായിരുന്നു രക്ഷപ്പെട്ടത്. നഷ്ടമായത് സ്വീഡന്റെ ചരിത്രാവശിഷ്ടമായ 1600 കളിലെ കിരീടങ്ങളാണ്. കാള്‍ ഒമ്പതാമനും ക്രിസ്റ്റീന രാജ്ഞിയും അണിഞ്ഞ ഈ കിരീടങ്ങള്‍ വിലയേറിയ കല്ലുകള്‍ പതിച്ചവയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചവയുമായിരുന്നു.
സ്വീഡനിലെ മദ്ധ്യകാലഘട്ടത്തിന്റെ തലയെടുപ്പുമായി നില്ക്കുന്ന കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന രാജാവിന്റെ കിരീടം പളുങ്കും പവിഴക്കല്ലുകളും പതിച്ച സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. വിലയേറിയ കല്ലുകളും പവിഴവും പതിച്ച സ്വര്‍ണ്ണ നിര്‍മ്മിത കിരീടമാണ് രാജ്ഞിയുടേത്. രണ്ടും സന്ദര്‍ശകര്‍ക്ക് വേണ്ടി പ്രദര്‍ശന വസ്തുവായി ഒരു ചില്ലുകൂടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സന്ദര്‍ശകരെ പോലെ അകത്തു കയറിയ മോഷ്ടാക്കള്‍ കിരീടങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഫടികക്കൂട് തകര്‍ക്കുകയായിരുന്നു. അതിന് ശേഷം സ്ട്രാംഗിനാസിന് ചുറ്റുമായി പരന്നു കിടക്കുന്ന തടാകത്തിലൂടെ അപ്രത്യക്ഷരാകുകയും ചെയ്തു.
അതേസമയം മോഷണത്തില്‍ ആരേയും പരിക്കേല്‍പ്പിച്ചില്ല. മോഷണം പോയത് ഏറെ ചരിത്രപ്രാധാന്യമേറിയ വസ്തുക്കളായതിനാല്‍ എന്തെങ്കിലും സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരിക്കില്ല മോഷണം എന്നാണ് പോലീസ് കരുതുന്നത്. മോഷണം പോയത് രാജ്യത്തിന്റെ നിധികള്‍ ആയതിനാല്‍ വില്‍ക്കുക അസാധ്യമാണെന്നും സ്വീഡിഷ് പോലീസ് വിശ്വസിക്കുന്നു. കള്ളന്മാരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ വരെ സഹായം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലാണ് ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്.






