
കേരളത്തിലെ കീഴാള സമരങ്ങളില് വര്ഗബോധം എന്ന ചിന്തയ്ക്ക് പകരം തദ്ദേശീയതയെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങള്ക്ക് പ്രാധാന്യം കിട്ടിയതെങ്ങനെയാണ്? കേരളത്തിലെ ആദിവാസി, ദളിത് സമൂഹത്തെക്കുറിച്ച് ആഴത്തില് പഠിച്ച ലൂയിസ സ്റ്റെയൂര് എഴുതിയ ''ഇന്ഡൈജെനിസ്റ്റ് മൊബിലൈസേഷന്'' ഇതിന് വ്യക്തമായ ഉത്തരം നല്കുന്നു. ആദിവാസി, ദളിത് സമൂഹങ്ങളിലെ ആക്ടിവിസ്റ്റുകള് കമ്യുണിസ്റ്റ് പശ്ചാത്തലമുള്ളവരാണെങ്കിലും ആദിവാസി ഗോത്ര മഹാസഭയുടെ കടന്നു വരവോടെ അതിനു കാര്യമായ വ്യതിചലനമുണ്ടായെന്ന് അവര് ഉദാഹരണസഹിതം വ്യക്തമാക്കുന്നു. രാഷ്ട്രീയമായ ആവശ്യങ്ങള് തദ്ദേശീയമായ അനന്യതയുടെ പേരില് ഉന്നയിക്കപ്പെടുന്നതു തന്നെ കേരളത്തിലെ കീഴാള പോരാട്ടങ്ങളുടെ സ്വഭാവത്തില് വന്ന മാറ്റമാണെന്നാണ് ലൂയിസ വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആക്ടിവിസ്റ്റുകള് പോലും തങ്ങളുടെ കാഴ്ചപ്പാടുകള് ഈ രീതിയിലേക്ക് മാറ്റിയതിനു പിന്നില് പ്രസ്ഥാനത്തെ ചൊല്ലിയുള്ള ഇച്ഛാഭംഗമാണ്.
അരനൂറ്റാണ്ടു മുന്പ് ഉദയം കൊണ്ട് കേരള സമൂഹത്തിലാകമാനം സ്വാധീനം ചെലുത്തി മാറ്റങ്ങള്ക്ക് വഴിയൊരുക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദിവാസി, ദളിത് സമൂഹങ്ങള്ക്ക് അവരാഗ്രഹിച്ച തരത്തിലുള്ള ഉന്നമനം സമ്മാനിക്കാതെ പോയതാണ് ഈ മാറ്റത്തിനു വഴിയൊരുക്കിയത്. വിവിധ തലമുറകളിലെ കീഴാള ആക്റ്റീവിസ്റ്റുകളുടെ ജീവിതത്തിലൂടെ ലൂയിസ അതു വ്യക്തമാക്കുന്നു. സാഹചര്യങ്ങളെ ഇഴകീറി പരിശോധിക്കുന്ന വംശീയശാസ്ത്ര ഗവേഷണമാണ് ഈ പുസ്തകം നമുക്കു മുന്നില് തുറന്നു കാണിക്കുന്നത്. നരവംശശാസ്ത്രത്തെ മാത്രമല്ല, കമ്യൂണിസ്റ്റ്, കീഴാള വിഷയങ്ങളെ ഗൗരവത്തോടെ കാണുന്നവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
കേരളത്തിലെ തദ്ദേശീയ സ്വത്വരാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും ഭാവങ്ങളും ഇതില് ചര്ച്ച ചെയ്യപ്പെടുന്നു. ആഗോള മുതലാളിത്തത്തിലുണ്ടാകുന്ന മാറ്റങ്ങള് കേരളത്തിലെ തദ്ദേശീയതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ആഴത്തില് വിശദീകരിക്കുന്നു ഈ പുസ്തകം.
തദ്ദേശീയ സ്വത്വചിന്ത തങ്ങളുടെ സ്വത്വത്തെ വിളിച്ചു പറയാനുള്ള പ്രകൃത്യായുള്ള ത്വരയുടെ ഭാഗമല്ല, മറിച്ച് പ്രത്യേക ആവശ്യങ്ങള് ഉന്നയിച്ച് പ്രത്യേകമായ സാഹചര്യങ്ങളില് ചില നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും കടന്നുവരവുമൂലമുണ്ടാകുന്ന പ്രതിഭാസത്തിന്റെ പ്രതിഫലനമാണ് എന്നാണെന്ന് ഇന്ഡൈജെനിസ്റ്റ് മൊബിലൈസേഷന് വ്യക്തമാക്കുന്നു. സ്വത്വരാഷ്ട്രീയം ഗൗരവത്തോടെ ചര്ച്ചചെയ്യപ്പെടേണ്ട ഒന്നാണ്. അത് അര്ഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കപ്പെട്ടാല് സംശയദൃഷ്ടിയോടെ നോക്കപ്പെടുക സ്വാഭാവികം മാത്രമായിരിക്കും. വിമര്ശനബുദ്ധ്യായുള്ള ചര്ച്ചകള്ക്ക് വഴിതെളിക്കാന് ഉപയുക്തമായ അനേകം വെളിപ്പെടുത്തലുകളും നിരീക്ഷണങ്ങളും ഇന്ഡൈജെനിസ്റ്റ് മൊബിലൈസേഷനിലുണ്ട്.
ആംസ്റ്റര്ഡാം സര്വകലാശാലയിലെ ആന്ത്രപ്പോളജി ഡിപ്പാര്ട്ട്മെന്റില് അസിസ്റ്റന്റ് പ്രഫസറായ ലൂയിസ കേരളത്തില് ഏറെ നാള് താമസിച്ച്, വ്യാപകമായി സഞ്ചരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. തൊണ്ണൂറുകളിലെ സാമ്പത്തിക ഉദാരവത്കരണത്തിനു ശേഷം കേരളത്തിലെ തദ്ദേശീയ സമൂഹങ്ങളിലുണ്ടായ മാറ്റം എങ്ങനെയായിരുന്നു എന്ന ഗവേഷണമാണിതെന്ന് ലൂയിസ ആമുഖമായിതന്നെ പറയുന്നു.
മൂന്നു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ആറ് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ആദ്യ ഭാഗത്തിലെ രണ്ട് അധ്യായങ്ങള് ഗോത്രം എന്തെന്നും ആദിവാസികള് ആരെന്നും വ്യക്തമാക്കാനുള്ളതാണ്. ആദിവാസികളെ സംബന്ധിച്ച് നരവംശശാസ്ത്രപരമായി ധാരാളം പഠനങ്ങള് നടന്നിട്ടുണ്ട്. ബസ്തര് പോലുള്ള പ്രദേശങ്ങളിലെ ആദിവാസികളുമായി കേരളത്തിലെ ആദിവാസികളെ താരതമ്യം ചെയ്യരുതെന്ന് അവര് വ്യക്തമാക്കുന്നു. ആദിവാസി എന്ന വാക്കിലൂടെ പാശ്ചാത്യമായ ഒരു ധാരണയാണ് എല്ലാവരും ഉണ്ടാക്കിയിരിക്കുന്നത്. അവരെ വനവാസികള് എന്ന ഗണത്തില് പെടുത്തുകയാണ് സാധാരണഗതിയില് ചെയ്യപ്പെടുന്നത്. എന്നാല്, മറ്റെല്ലാ ''മുഖ്യധാരാ'' സമൂഹങ്ങളെയും പോലെ പൊതു ഇടങ്ങളില് ജീവിക്കുന്നവരാണ് ഇവരെന്നത് ആരും കണക്കിലെടുക്കുന്നില്ല.
രണ്ടാം ഭാഗത്തെ രണ്ട് അധ്യായങ്ങളും വര്ഗത്തെ അധിഷ്ഠിതമാക്കിയ പ്രവര്ത്തനങ്ങളില് നിന്ന് സ്വത്വാധിഷ്ഠിത സമരങ്ങളിലേക്കും പ്രവര്ത്തനങ്ങളിലേക്കും കീഴാള സമൂഹം എങ്ങനെ പരിവര്ത്തനം ചെയ്തെന്ന് വ്യക്തമാക്കുന്നു. കീഴാള ജനതയെ നയിക്കുന്ന ഓരോരുത്തരും പ്രവര്ത്തനം തുടങ്ങിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലായിരുന്നെങ്കിലും ആ പാര്ട്ടിയുടെ ആശയപരമായ വ്യതിചലനം ഇവരെയെല്ലാം മാറിച്ചിന്തിക്കാന് പ്രേരിപ്പിക്കുകയായിരുന്നു. കേരളത്തില് ആദിവാസി, ദളിത് നേതൃത്വത്തില് പ്രവര്ത്തിക്കുന്ന പലരെയും നേരിട്ടുകണ്ടതിന്റെ വിവരങ്ങള് ഈ പുസ്തകത്തില് കാണാം. സി.കെ. ജാനുവും സണ്ണി എം. കപിക്കാടുമൊക്കെ ഈ ഭാഗത്ത് കടന്നു വരുന്നു.
മൂന്നാം ഭാഗത്തു വരുന്ന അഞ്ചാം അധ്യായം പ്രശസ്തമായ കേരള മോഡല് വികസനത്തിന്റെ വിലയിരുത്തലാണ്. കേരള മോഡല് എന്നാല് ''കടുത്ത തൊഴില് നിയമങ്ങളും ഭൂപരിഷ്കരണവും അടിച്ചേല്പിച്ചതു വഴി വിപണിയെ മെരുക്കിയതിന്റെ'' ഫലമായുണ്ടായ മാറ്റമാണെന്നാണ് ലൂയിസയുടെ വിലയിരുത്തല്. ആറാം അധ്യായം ആദിവാസി തൊഴിലാളികളുടെ ജീവിതത്തെ വിശദീകരിക്കുന്നു. അറുപതുകളിലെ തൊഴില് പീഡനങ്ങളില് നിന്ന് മോചിതരായ അവരുടെ ജീവിതത്തില് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഉദാരവത്കരണത്തിനു ശേഷം അതു കുറേക്കൂടി ദയനീയമായെന്നു പറയാം. കൊട്ടമുരട് കോളനിയുടെ കേസ് സ്റ്റഡി ഇക്കാര്യത്തില് പ്രത്യേകം എടുത്തു പറയുന്നുണ്ട്.
ഇന്ഡൈജെനിസ്റ്റ് മൊബിലൈസേഷന്
ലൂയിസ സ്റ്റെയുര്
ഓറിയന്റ് ബ്ലാക്ക് സ്വാന്
വില: 1075 രുപ







Comments