ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഡല്‍ഹി സര്‍ക്കാര്‍. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധന സാമഗ്രികളും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍ പത്രപ്പരസ്യം നല്കി. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.
കേരളം കടുത്ത പ്രളയം നേരിടുകയാണ്. കേരളത്തിലെ സഹോദരീ സഹോദരന്മാരെ സഹായിക്കുന്നതിന് ഓരോരുത്തരും ഉദാരമായ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി കെജ്രിവാള് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ സഹിതമാണ് പരസ്യം. ഓണ്‍ലൈനായി സംഭാവന നല്‍കാനുള്ള വിലാസവും നല്‍കിയിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസത്തിന് നല്കാന് തീരുമാനിച്ചിരുന്നു. അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് വിവിധ സംസ്ഥാന സര്‍ക്കാരുകളും കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. പഞ്ചാബ്, ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പത്ത് കോടി രൂപ വീതം കേരളത്തിന് നല്‍കിയിരുന്നു. മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.






