
കൊച്ചി: പ്രളയബാധിത മേഖലകളില്‍ ഉടനടി വൈദ്യുതി എത്തിക്കാനായി കെ.എസ്.ഇ.ബിയുടെ ദൗത്യം. മിഷന് റീകണക്ട് എന്ന പേരില്‍ പ്രത്യേക ദൗത്യസംഘത്തിന് കെ.എസ്.ഇ.ബി രൂപം നല്കി. വൈദ്യുതി ബോര്‍ഡില്‍ 820 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്നത്. വരുമാന നഷ്ടം 470 കോടിയാണ്. 350 കോടിയുടെ ഉപകരണങ്ങളാണ് തകര്‍ന്നത്. 1200 ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തിനടിയിലായി. 28 സബ്സ്റ്റേഷനുകളും അഞ്ച് ഉദ്പാദന നിലയങ്ങളും അടച്ചിടേണ്ടി വന്നു.
അതേസമയം പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്കായി കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കേഴ്സ് സമിതി തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിച്ചു. തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി പോലുള്ള നടപടികള്‍ ഉണ്ടാവില്ല. കൃഷിമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി.
അതേസമയം വന്‍പ്രളയത്തില്‍ നിന്നും കേരളം കരകയറി തുടങ്ങി. പലയിടത്തു നിന്നും നിരവധി സഹായങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. ഇനിയും ആയിരങ്ങളെ രക്ഷപ്പെടുത്താനുണ്ട്. വീട് ഒഴിഞ്ഞ് പോരാന്‍ തയ്യാറാകാത്തവരാണ് ഇതില്‍ പലരും. അതേസമയം വെള്ളമിറങ്ങി തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്.
പ്രളയത്തില്‍ ചത്ത മൃഗങ്ങള്‍ പലയിടങ്ങളിലും അഴുകി തുടങ്ങിയത് പരിഭ്രാന്തി പടര്‍ത്തുന്നുണ്ട്. വെള്ളം ഇറങ്ങാത്തതിനാല്‍ ഇവയെ കുഴിച്ചിടാന്‍ സാധിക്കുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ പല രോഗങ്ങളും ഉണ്ടായേക്കുമെന്നും ഭയപ്പെടുന്നുണ്ട്.






