
ടിവിഎസിന്റെ പുതിയ 110 സിസി റേഡിയോണ് ബൈക്ക് വിപണിയില്‍. 48,400 രൂപയാണ് ടിവിഎസ് റേഡിയോണിന് ഡൽഹി എക്സ്ഷോറൂം വില. പുതിയ ഷാസിയും സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയിമുമാണ് ഈ മോഡലിൽ ഉള്ളത്. ഈ വര്‍ഷം രണ്ടുലക്ഷം റേഡിയോണ് ബൈക്കുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2012 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് റേഡിയോണിനെ ടിവിഎസ് ആദ്യമായി അവതരിപ്പിച്ചത്.
8.3 bhp കരുത്തും 8.7 Nm ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 109.7 സിസി ഒറ്റ സിലിണ്ടര്‍ മൂന്നു വാല്‍വ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് റേഡിയോണില്‍ ഒരുങ്ങുന്നത്. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. ടിവിഎസ് സ്റ്റാര്‍സിറ്റി പ്ലസിന്റെ എഞ്ചിനാണ് ഇത്.
ടിവിഎസ് സ്റ്റാര്‍സിറ്റി പ്ലസില്‍ നിന്നുള്ള ഘടകങ്ങളാണ് പുതിയ റേഡിയോണില്‍ ഏറിയപങ്കും. 69.3 കിലോമീറ്ററാണ് മൈലേജ്. റേഡിയോണിലുള്ള സിങ്ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി 110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ ഇതാദ്യമായാണെന്നു ടിവിഎസ് പറയുന്നു. വൈറ്റ്, ബീജ്, പര്‍പ്പിള്‍, ബ്ലാക് നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും.
ക്രോം അലങ്കാരമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്ധനടാങ്കിലുള്ള പ്രത്യേക പാഡുകളും മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. 1,265 mm ആണ് റേഡിയോണിന്റെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm ഉം. ക്രോം ബെസലിന് കീഴെയുള്ള ഹെഡ്ലാമ്പില് തന്നെയാണ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾ. ഇലക്ട്രിക് സ്റ്റാര്‍ട്ട്, 18 ഇഞ്ച് അലോയ് വീലുകള്‍, ബീപ് ശബ്ദം മുഴക്കുന്ന സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, പില്യണ്‍ ഗ്രാബ് റെയില്‍ എന്നിങ്ങനെയാണ് ബൈക്കിന്റെ മറ്റു ഫീച്ചറുകൾ.