ജലന്തര്‍ ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും, മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍; അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ജലന്തര്‍ ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും, മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍; അറിയാം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Authored by Web Desk | Last updated: 01 Sep 2018, 4:17 PM | 2 min read
മൊഴികളില്‍ പൊരുത്തക്കേട്; ജലന്തര്‍ ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും
കോട്ടയം : കന്യാസ്ത്രീക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും.. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മറ്റന്നാള്‍ ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ജലന്തറില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. കേസില്‍ ബിഷപ്പിനെതിരായ തെളിവുകളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് ഈ പൊരുത്തക്കേടുകള്‍. ഇത് പരിഗണിച്ചാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍; വിള്ളലിലൂടെ വെള്ളം ചോരുന്നു
റാന്നി : മണിയാര്‍ അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന നിലയില്‍. പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമാണെന്ന് ജലസേചന വകുപ്പ് എഞ്ചിനീയര്‍ വ്യക്തമാക്കി. തകരാര്‍ ഉടന്‍ പരിഹരിക്കണം. ഇല്ലെങ്കില്‍ സ്ഥിതി മോശമാണ്. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം അണക്കെട്ടില്‍ പരിശോധന നടത്തി. വെള്ളം വീണ്ടും കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്.
മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു
മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്.
കഴിഞ്ഞ രാത്രി ഒരു വീടിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മുഹമ്മദ് സാജിദിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.
ബിഷപ്പിനെതിരെ പരാതി നല്കാന് വൈകിയത് അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടെന്ന് കന്യാസ്ത്രീയുടെ മൊഴി; സഭയില്‍ നിന്നും നീതി കിട്ടിയില്ല
കോട്ടയം : ലൈംഗീക പീഡനത്തെ കുറിച്ച് സഭയോട് പറയാതിരുന്നത് അപമാനിക്കപ്പെടുമെന്ന് ഭയന്നാണെന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ മൊഴി. സഭയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ,അത് കിട്ടാതെ വന്നതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്കി.
ബോക്സിങ്ങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണ്ണത്തിളക്കം, സ്ക്വാഷില്‍ വെള്ളി: മെഡല്‍ നേട്ടം റെക്കോര്‍ഡ് കടന്നു
ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തിളക്കത്തോടെ മെഡല്‍ നേട്ടം റെക്കോര്‍ഡ് കടന്നു. ബോക്സിങ്ങ് റിങ്ങില്‍ നിന്ന് അമിത് കുമാര്‍ നേടിയ 14-ാം സ്വര്ണ്ണത്തിലൂടെയാണ് ഗെയിംസിലെ ആകെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് മറികടന്നത്. അമിതിന്റെ ഇടിമുഴക്കത്തിനു പിന്നാലെ ബ്രിജ്( ചീട്ടുകളി) ടീം ഇനത്തില്‍ പുരുഷ ടീമിനും സുവര്‍ണ്ണത്തിളക്കം. എന്നാല്‍ സ്ക്വാഷില്‍ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷ വെള്ളിയിലൊതുങ്ങി. സുവര്‍ണ്ണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ വനിതകളെ ഹോങ്കോങ്ങ് ആണ് പരാജയപ്പെടുത്തിയത്.