
തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാന സ്കൂള്‍ കലോത്സവം ഉപേക്ഷിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ കെ.വി.മോഹന്‍ കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ 'മികവിന്റെ വര്‍ഷം'എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്കരിച്ചു വരുന്നത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകുവാനാണ് ഉദ്ദേശിക്കുന്നത്. സമയക്രമങ്ങളില്‍ അടക്കം നിരവധി കാര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നേക്കാം. ഇത് സംബന്ധിച്ച് വിവിധ തലങ്ങളിലായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ മാസം ഏഴിനു അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും.
പ്രളയം നാശം ഉണ്ടാക്കിയ ആലപ്പുഴയിലാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പ്രളയം വന്നതിനാല്‍ ഇവിടെ കലോത്സവം നടത്തുന്നത് ഔചിത്യമല്ലെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. കലോത്സവം ഒഴിവാക്കിയാലും കുട്ടികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് നഷ്ടമാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
