
പത്തനംതിട്ട: കേരളം നെഞ്ചേറ്റിയ കളക്ടര്‍മാരായ വാസുകിയ്ക്കും, അനുപമയ്ക്കും പിന്നാലെ മലയാളികളുടെ കൈയ്യടി നേടുകയാണ് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ്. പ്രളയം ബാധിച്ച വീടുകളില്‍ കൃത്യമായി സഹായങ്ങള്‍ എത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കളക്ടറുടെ ചോദ്യങ്ങളും അതിന് അനുസരണയോടെ വില്ലേജ് ഓഫീസര്‍ നല്കുന്ന മറുപടിയും മാത്രം മതി കളക്ടര്‍ എന്ന പദവിയുടെ വില മനസിലാക്കാന്‍.
സഹായക്കിറ്റുകള്‍ ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന കളക്ടറുടെ ചോദ്യത്തിന് മുന്നില്‍ വില്ലേജ് ഓഫീസര്‍ നിന്ന് വിയര്‍ക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കിയ കളക്ടര്‍ ക്ഷുഭിതനായി. 'നിങ്ങള്‍ക്ക് ഇവിടെ എന്തുവാടോ പണി? ഈ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങള്‍ക്ക് ജോലി. ഇത് പോലും അറിയാതെ നിങ്ങള്‍ എന്താ ചെയ്യുന്നേ? ആകെ 84 പേരല്ലെയുള്ളു, ജില്ലയിലെ 45,000 പേരുടെ കാര്യം ഞാന്‍ പറയാമല്ലോ..'- കളക്ടര്‍ പറഞ്ഞു. കളക്ടറുടെ വാക്കുകള്‍ കേട്ട് മിണ്ടാതെ നില്‍ക്കുകയാണ് വില്ലേജ് ഓഫീസര്‍ ചെയ്തത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആരോ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കളക്ടര്‍ക്ക് സല്യൂട്ട് അടിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജനക്കൂട്ടത്തിന് നടുവില്‍വെച്ചാണ് കളക്ടര്‍ വില്ലേജ് ഓഫീസറെ ചോദ്യം ചെയ്യുന്നതെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
വീഡിയോ കാണാം;





