
ഹൈദരാബാദ് : ഒരു ലഡ്ഡുവിന് മൂന്നു ലക്ഷം രൂപയോ.... ഞെട്ടെണ്ട, സംഗതി സത്യമാണ്. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് ഗണേശ സന്നിധിയില്‍ അര്‍പ്പിച്ചതാണ് ഈ ഭീമന് ലഡ്ഡു. 580 കിലോഗ്രാം തൂക്കം വരുന്ന ഈ ലഡ്ഡു ഹൈദരാബാദിലെ ഫിലിംനഗര്‍ ക്ഷേത്രത്തിലെ ഗണേശവിഗ്രഹത്തിന് മുന്നില്‍ ദ്വാദശ മന്ത്രങ്ങളുമായി ഭക്തര്‍ സമര്‍പ്പിച്ചതാണ് ഇത്.
ആന്ധ്രയിലെ ഗോദവരി ജില്ലയില്‍ നിന്നുള്ള സുരുചി ഫുഡ്സ് ആണ് ഈ ഭീമന് പ്രസാദം വിനായക സന്നിധിയില്‍ അര്‍പ്പിച്ചത്. മുന്‍ വര്‍ഷവും ഇത്തരത്തില്‍ 500 കിലോ തൂക്കം വരുന്ന ഭീമന് ലഡ്ഡു അര്‍പ്പിച്ച് വിനായക അനുഗ്രഹം നേടിയിരുന്നതായി സുരുചി ഫുഡ് വക്താവ് വെളിപ്പെടുത്തി. 220 കിലോ പഞ്ചസാര, 145 കിലോഗ്രാം പശുവിന് നെയ്യ്, 175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം കശുവണ്ടിപ്പരിപ്പ്, 13 കിലോഗ്രാം ബദാം എന്നിവ ഉപയോഗിച്ചാണ് ഈ ലഡ്ഡു ഭീമനെ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഖയിര്താബാദ് ഗണേശ സന്നിധിയിലേയ്ക്കുള്ള മഹാപ്രസാദമായി ഉപയോഗിക്കുമെന്ന് സുരുചി ഫുഡ്സ് വ്യക്തമാക്കി.






