
മാരുതി സ്വിഫ്റ്റിന്റെ പ്രാരംഭ മോഡലുകളായ എല്‍.എക്സ്.ഐ, എല്‍.ഡി.ഐ മോഡലുകളെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സ്വിഫ്റ്റ് സ്പെഷ്യല്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. വില 4.99 ലക്ഷം രൂപ.
ബോഡിയിലും ഇന്റീരിയറിലും വരുത്തിയിരിക്കുന്ന പരിഷ്കാരങ്ങളാണ് സ്വിഫ്റ്റ് സ്പെഷ്യല്‍ എഡിഷനിന്റെ മുഖ്യ ആകര്‍ഷണം. ബോഡിയുടെ അതേ നിറത്തിലുള്ള മിററുകളും, ഡോര്‍ ഹാന്‍ഡിലുകളും മാറ്റങ്ങളില്‍ പെടും.
്ഹാച്ച്ബാക്കിന്റെ വീല്‍ കവറുകള്‍ക്ക് കറുപ്പു നിറമാണ് കമ്പനി നല്‍കിയിരിക്കുന്നത്. അകത്തളത്തില്‍ ഡി.ഐ.എന്‍ ഓഡിയോ സംവിധാനവും ഇരട്ട മുന്‍ സ്പീക്കറുകളും പ്രധാന സവിശേഷതകളാണ്. മുന്നില്‍ ഒരുങ്ങുന്ന പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്വിഫ്റ്റ് സ്പെഷ്യല്‍ എഡിഷനിലെ പുതുവിശേഷങ്ങളാണ്.
ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് സ്വിഫ്റ്റ് സ്പെഷ്യല്‍ എഡിഷന് അണിഞ്ഞൊരുങ്ങുന്നത്. നിലവില്‍ ആറു വകഭേദങ്ങള്‍ മാരുതി സ്വിഫ്റ്റിലുണ്ട്. എല്‍.എക്സ്.ഐ, എല്‍.ഡി.ഐ, വി.ഡി.ഐ, വി.എക്സ്.ഐ, സി.എക്സ്.ഐ, സി.ഡി.ഐ എന്നീ വകഭേദങ്ങളില്‍ 14 മോഡലുകള്‍ സ്വിഫ്റ്റ് നിരയില്‍ അണിനിരക്കുന്നു.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ സ്വിഫ്റ്റ് ലഭ്യമാണ്. പെട്രോള്‍ എഞ്ചിന് 83 ബി.എച്.പി കരുത്തും 115 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. 74 ബി.എച്.പി കരുത്തും 190 ന്യൂട്ടണ്‍ മീറ്റര്‍ ടോര്ക്കുമാണ്് ഡീസല്‍ എഞ്ചിന് ഉത്പാദിപ്പിക്കുക.
ഇരു എഞ്ചിന് പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ പ്രാരംഭ എല്‍.എക്സ്.ഐ, എല്‍.ഡി.ഐ വകഭേദങ്ങളില്‍ കമ്പനി എഎംടി ഓപ്ഷന് നല്‍കിയിരുന്നില്ല.
ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്സ്പോയിലാണ് പുതുതലമുറ സ്വിഫ്റ്റിനെ മാരുതി ആദ്യം കാഴ്ച്ചവെച്ചത്. ഡിസൈനില്‍ കൂടുതല്‍ പക്വത കൈവരിച്ച പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ വന്നതിന് പിന്നാലെ വമ്പന്‍ ഹിറ്റായി മാറി. പ്രതിമാസം സ്വിഫ്റ്റിന്റെ 19000 യൂണിറ്റുകളാണ് മാരുതി നിരത്തിലിറക്കുന്നത്.






