
പാരീസ്: ഇന്വെസ്റ്റിഗേറ്റീവ് റിപ്പോര്ട്ടിലൂടെ ശ്രദ്ധേയയായ ബള്ഗേറിയന് മാധ്യമപ്രവര്ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തി. 30 കാരിയായ വിക്ടോറിയ മറിനോവയാണ് കൊല്ലപ്പെട്ടത്. റഷ്യയിലെ വടക്കു കിഴക്കന് പ്രദേശം റൂസില് ഇവരുടെ മൃതദേഹം കണ്ടെത്തിയത് യൂറോപ്പിനെ ആകെ നടുക്കിയിട്ടുണ്ട്. ഒരു വര്ഷത്തിനിടയില് അഴിമതിക്കെതിരേ പേന ചലിപ്പിച്ചതിന് കൊല്ലപ്പെടുന്ന മൂന്നാമത്തെ ജര്ണലിസ്റ്റാണ് മറീനോ.
അതേസമയം ഇവരുടെ കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം കണ്ടെത്താന് കഴിഞ്ഞിട്ടില്ലെങ്കിലും മാധ്യമപ്രവര്ത്തനവുമായി ബന്ധപ്പെട്ട കാരണങ്ങള് തന്നെയാകാം എന്നാണ് കരുതുന്നത്. എന്നിരുന്നാലും ഇങ്ങിനെ സംശയിക്കത്തക്ക ഒരു തെളിവുകളും ഇതുവരെ ബള്ഗേറിയന് അധികൃതര്ക്ക് കിട്ടിയിട്ടില്ല. ഈ വര്ഷം തന്നെ യൂറോപ്പില് മൂന്നാമത്തെ കൊലപാതകം കൂടി റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് മാധ്യമപ്രവര്ത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും പെരുകിയിട്ടുണ്ട്.
ശനിയാഴ്ച മറിനോവയുടെ മൃതദേഹം കണ്ടെത്തിയ റൂസിലെ പാര്ക്കിന് സമീപം ഒരു മനോരോഗ ക്ളീനിക്ക് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടുത്തെ രോഗികളില് ആരെങ്കിലും ആണോ ഈ ക്രൂര കൃത്യത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്. ഇവിടെ നിന്നുള്ള ഡിഎന്എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മുമ്പ് ലൈഫ് സ്റ്റൈല് ജര്ണലിസ്റ്റായിരുന്ന മറിനോവ വടക്കുകിഴക്കന് ബള്ഗേറിയയില് ഏറെ പ്രശസ്തമായ ചാനലായ ടിവിഎന്നിന്റെ അവതാരക കൂടിയാണ്. കഴിഞ്ഞ മാസം ഇവര് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണാത്മക റിപ്പോര്ട്ട് വരുന്ന 'ഡിടെക്ടര്' എന്ന പരിപാടി അവതരിപ്പിച്ചു തുടങ്ങിയിരുന്നു. എന്നാല് അതിന്റെ ഒരു എപ്പിസോഡ് മാത്രമേ ചെയ്യാനായുള്ളൂ.
യൂറോപ്യന് യൂണിയന്റെ പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ഈ പരിപാടിയില് ചര്ച്ച ചെയ്തത്. ഇതിനെ തുടര്ന്ന് ബള്ഗേറിയന് വെബ്സൈറ്റായ ബിവോളില് നിന്നും ദിമിത്രി സ്റ്റേയ്നോവ്, റൈസ് പ്രൊജക്ടില് പങ്കാളിയായ റുമാനിയന് ജര്ണലിസ്റ്റ് ആറ്റിലാ ബിറോ, എന്നിവര് സെപ്തംബറില് അറസ്റ്റിലാകുകയും ചെയ്തിരുന്നു. യൂറോപ്പില് ഏറ്റവും കൂടുതല് അഴിമതി നടക്കുന്ന രാജ്യങ്ങളില് ഒന്നാണെന്നാണ് ബള്ഗേറിയയെക്കുറിച്ച് അന്താരാഷ്ട്ര വാച്ച്ഡോഗിന്റെ വിലയിരുത്തല്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലൂം യൂറോപ്യന് യൂണിയനില് ഏറ്റവും പിന്നിലുള്ള ബള്ഗേറിയയ്ക്ക് ഇക്കാര്യത്തില് 180 രാജ്യങ്ങളില് 111 ആണ് സ്ഥാനം. യൂറോപ്യന് യൂണിയന് ഇന്വെസ്റ്റിഗേറ്റീവ് റിപ്പോര്ട്ടര് മാര് കൊല്ലപ്പെടുന്ന സംഭവത്തില് മൂന്നാമത്തേതാണ് മറിനോവയുടെ കാര്യം. 2017 ഒക്ടോബറില് മാള്ട്ടയിലെ മാധ്യമപ്രവര്ത്തക ഡഫാനേ കാരുവാന ഗലീഷ്യ കൊല്ലപ്പെട്ടിരുന്നു.
അധികൃതര് നടത്തുന്ന അഴിമതിയെക്കുറിച്ചും പണത്തട്ടിപ്പിനെക്കുറിച്ചും നിരന്തരം അന്വേഷണാത്മക റിപ്പോര്ട്ടിംഗ് നടത്തിയ ഗലീഷ്യ വീടിനടുത്തുവെച്ച് കാര്ബോംബ് സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ സര്ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയ സ്ളോവാക്യന് ജര്ണലിസ്റ്റായ യാന് കുസിയാക്കും കൊല്ലപ്പെട്ടിരുന്നു. അനന്തിരവള് മാര്ട്ടീന കുസ്നിറോവയ്ക്കൊപ്പം പോകുമ്പോള് വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ സൗദി വിമര്ശകനും വാഷിംഗ്ടണ് പോസ്റ്റിന് വാര്ത്ത നല്കുന്നയാളുമായ ജമാല് ഖാഷോഗ്ഗിയെ കാണാതാകുകയും ചെയ്തിരുന്നു. ഇസ്താംബൂളിലെ സൗദി കോണ്സുലേറ്റിലേക്ക് കയറുമ്പോഴാണ് ഇയാളെ കാണാതായത്.







Comments