ഹൈദരാബാദ് : വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഹൈദരാബാദില്‍. രണ്ടുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ദുര്‍ബലരായ വിന്‍ഡീസ് നിരയ്ക്കെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പതിവുപോലെ സ്പിന്നര്‍മാരായിരിക്കും കളി നിയന്ത്രിക്കുക.
ആദ്യമത്സരത്തിലെ ആധികാരിക പ്രകടനം ആവര്‍ത്തിക്കുകയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്നാംദിനം ഒരുഘട്ടം ശേഷിക്കെതന്നെ വിന്‍ഡീസ് ഇന്നിങ്സിനും 272 റണ്ണിനും തോറ്റു. ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുര്‍ബലരായ എതിരാളികളെ രാജ്കോട്ടില്‍ ഇന്ത്യ പിച്ചിചീന്തുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വി ഷാ മുതല്‍ ബാറ്റിങ് നിരയില്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. കോഹ്ലിയും രവീന്ദ്ര ജഡേജയും പൃഥ്വി ഷായും സെഞ്ചുറി നേടിയപ്പോള്‍ ശതകത്തിനു എട്ട് റണ്ണകലെ പുറത്തായ ഋഷഭ് പന്തും 86 റണ്ണുമായി ചേതേശ്വര്‍ പൂജാരയും ഇന്ത്യന്ബാറ്റിങ് നിരയുടെ കേമത്തംകാട്ടി. പതര്‍ച്ചയോടെ കളിച്ച അജിന്‍ക്യ രഹാനെയും ഓപ്പണര്‍ ലോകേഷ് രാഹുലും ആണ് ബാറ്റിങ് നിരയില്‍ നിരാശപ്പെടുത്തിയത്. ആറുവീതം വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിന്റെയും കുല്‍ദീപ് യാദവിന്റെയും മുന്നില്‍ വിന്‍ഡീസ് ബാറ്റിങ്നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു.
ബൗളിങ്ങിലും ആക്രമണംതുടര്ന്ന ജഡേജയുടെ പന്തുകള്‍കൂടി ചേര്‍ന്നതോടെ വിന്‍ഡീസുകാര്‍ നിലംപരിശായി.
ആദ്യമത്സരത്തിന് സമാനമായി പന്ത്രണ്ടംഗ ടീമിന് ഇന്ത്യ ഒരുദിവസംമുമ്ബുതന്നെ പ്രഖ്യാപിച്ചു. രാജ്കോട്ടില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംപ്രകടനത്തോടെ ടെസ്റ്റ് ടീമിലെത്തിയ മായങ്ക് അഗര്‍വാളിന് അവസാന പന്ത്രണ്ടില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല. ആദ്യടെസ്റ്റില്‍ തിളങ്ങാതിരുന്ന ലോകേഷ് രാഹുലിന് ഒരു അവസരം കൂടി നല്കാന് പരിശീലകന് രവി ശാസ്ത്രിയും കോഹ്ലിയും തീരുമാനിക്കുകയായിരുന്നു. ഒരുവര്‍ഷത്തില്‍ ഏറെയായി ടെസ്റ്റില്‍ മികച്ച പ്രകടനം കുറിക്കാന്‍ സാധിക്കാത്ത രഹാനെയ്ക്കു ഒസ്ട്രേലിയന്‍ പര്യടനത്തിനുമുമ്ബുള്ള അവസാന അവസരം കൂടിയാണ് ഹൈദരാബാദ് ടെസ്റ്റ്. 14 മാസത്തിനിടെ ഒരിക്കല്‍പ്പോലും ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ ഇന്ത്യയുടെ ഈ മുന്‍നിര ബാറ്റ്സ്മാന് സാധിച്ചിട്ടില്ല.
പരിക്കിലായിരുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും വിശ്രമത്തിലായിരുന്നു പേസര്‍ കെമര്‍ റോച്ചും രണ്ടാംമത്സരത്തില്‍ തിരിച്ചെത്തുന്നത് വിന്‍ഡീസിന് ആശ്വാസമാകും. നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദേവേന്ദ്ര ബിഷൂ മാത്രമാണ് ബൗളിങ്ങില്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കീറണ്‍ പവലിനും റോസ്റ്റണ്‍ ചേസിനും മാത്രമേ വിന്‍ഡീസ് ബാറ്റിങ്നിരയില്നിന്ന് സ്കോര്‍ബോര്‍ഡിലേക്ക് കാര്യമായി സംഭാവന നല്കിയുള്ളൂ.
