
പത്തനംതിട്ട: തുലാമാസ പൂജ തുടങ്ങിയിരിക്കെ യുവതികള്‍ ശബരിമല ചവിട്ടുന്നതിനെതിരേ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയുടെയും മലയാളി യുവതിയുടെയും മലകയറ്റം അങ്ങേയറ്റം നാടകീയമായി. ആന്ധ്രയിലെ മോജോ ടിവിയിലെ മാധ്യമപ്രവര്‍ത്തക കവിതാ ജക്കാളാണ് മലകയറുന്നത് കൂടെയുള്ള യുവതിയുടെ വിവരങ്ങള്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇവര്‍ മലയാളി യുവതിയാണെന്നത് മാത്രമാണ് മാധ്യമങ്ങള്‍ പുറത്തു വിടുന്ന ഏക വിവരം.
അത്യന്തം നാടകീയമായ രംഗങ്ങള്‍ തുടങ്ങിയത് മലകയറണം എന്ന ആവശ്യം ഉന്നയിച്ച്് കവിത ഇന്നലെ രാത്രി പമ്പയില്‍ പോലീസിനെ സമീപിച്ചതോടെയാണ്. എന്നാല്‍ അര്‍ദ്ധരാത്രി മല കയറുന്നത് സുരക്ഷിതമല്ല എന്ന് പറഞ്ഞ് പോലീസ് തന്നെ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ശ്രമം ഉപേക്ഷിക്കാതെ ഐജിയെ സമീപിക്കുകയും പുലര്‍ച്ചെ പോകാന്‍ തയ്യാറായാല്‍ താന്‍ കൂടി ഉള്‍പ്പെടെ വന്ന് സുരക്ഷ നല്‍കാമെന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് ഐജി തന്നെ ഉറപ്പ് നല്കി.
ഇതിനൊപ്പം മലചവിട്ടാന്‍ മലയാളി യുവതിയും എത്തിയതോടെ രാവിലെ ആറു മണിക്ക് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും കവിതയ്ക്ക് വഴിയില്‍ ഉണ്ടായേക്കാവുന്ന കല്ലേറില്‍ നിന്നും രക്ഷപ്പെടുന്ന രീതിയിലുള്ള കവചവും പോലീസ് വേഷവും ഹെല്‍മറ്റും മറ്റൂം നല്കി. ഭക്ത കറുപ്പുവേഷവുമണിഞ്ഞ് ഇരുമുടി കെട്ടും പേറിയാണ് യാത്ര തുടങ്ങിയത്. രാവിലെ 6.40 ന് തന്നെ ഇരുവരതും മലകയറ്റം തുടങ്ങുകയായിരുന്നു. ഐജി ശ്രീജിത്ത് പഴുതടച്ച സുരക്ഷയാണ് യുവതികള്‍ക്ക് നല്‍കിയത്. കനത്തപോലീസ് കാവലില്‍ ഇരുവരും മലകറുകയായിരുന്നു.
മലകയറുന്ന യുവതികളില്‍ മാധ്യമപ്രവര്‍ത്തകയായ കവിത റിപ്പോര്ട്ടിംഗിനായിട്ടാണ് എത്തുന്നത്. യുവതികള്‍ മലകയറാന്‍ തയ്യാറായല്‍ കൊണ്ടുപോകണമെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം എന്നാണ് വിവരം. വന്‍ പോലീസ് സംഘത്തിന്റെ സുരക്ഷയിലാണ് അനുധാവനം. കാനനപാതയില്‍ ഇതുവരെ ഇരുവര്‍ക്കും ഒരു പ്രതിഷേധവും നേരിടേണ്ടി വന്നില്ല. ആരായാലും സന്നിധാനത്തിലേക്ക് പോകാന്‍ തയ്യാറാല്‍ മതിയായ സുരക്ഷ നല്‍കുമെന്നാണ് ഐജി വ്യക്തമാക്കിയിരിക്കുന്നത്.
മലചവിട്ടാന്‍ ഇരുമുടിയെടുത്തിരിക്കുന്ന ഭക്തയുടെ പേരും മറ്റും ലഭ്യമാക്കാന്‍ പോലീസ് തയ്യാറായില്ല. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകയ്ക്ക് ഒപ്പം മലചവിട്ടുന്ന യുവതി ആരാണെന്ന ചോദ്യം ഉയരുകയാണ്. എറണാകുളം സ്വദേശിനിയാണ് എന്ന രീതിയിലാണ് പുറത്തു വരുന്ന വിവരം. നേരത്തേ പല യുവതികളും ശബരിമല കയറാന്‍ മാലയിടുന്നതിന്റെയും വ്രതമെടുക്കുന്നതിന്റെയും വിവരം പുറത്തു വിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പല സംഘടനകളിലെ ആള്ക്കാര് സൈബര്‍ ആക്രമണം നടത്തുകയും പോലീസിന് പരാതി കിട്ടുകയും ചെയ്ത സാഹചര്യത്തിലാണ് യുവതിയുടെ വിവരം രഹസ്യമാക്കി വെച്ചത്.
ആന്ര്ധയില് നിന്നും കഴിഞ്ഞ ദിവസം മാധവി എന്ന യുവതി മല കയറാന്‍ എത്തിയിരുന്നു വെങ്കിലും സ്വാമി അയ്യപ്പന് റോഡില്‍ 50 മീറ്റര്‍ പോയി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോരുകയായിരുന്നു. ഇന്നലെ ദേശീയ മാധ്യമത്തിന്റെ മാധ്യമപ്രവര്‍ത്തക സുഹാസിനി രാജും റിപ്പോര്‍ട്ടിംഗിനായി പോയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തി കനത്ത സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ചതോടെ കഴിഞ്ഞ ദിവസത്തെ അനുഭവം മുന്‍നിര്‍ത്തിയാണ് പോലീസ് അകമ്പടി പോകുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണ്.






