
ഉത്തരകാശി: ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള നാല് കൊടുമുടികള്‍ക്ക് ഇനി അറിയപ്പെടുക അടല്‍ ബിഹാരി വാജ്പേയിയുടെ പേരില്‍. ഹിമാലയന്‍ പര്‍വതാരോഹണ സംഘമാണ് കൊടുമുടികള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്. റക്തന് താഴ്വരയിലെ സുദര്ശന്, സയ്ഫി കൊടുമുടിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടികള്‍ക്ക് അടല്‍ 1, 2, 3, 4 എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് 6,557, 6,566, 6,160, 6,100 മീറ്ററുകളിലായാണ് കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത്.
നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിന്‍സിപ്പല്‍ കേളോണല് അമിത് ബിഷ്ടാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ശനിയാഴ്ച്ച പര്‍വതാരോഹണം നടത്തിയ സംഘം ഓരോ കൊടുമുടിയിലും ദേശീയ പാതാക നാട്ടിയിരുന്നു. എന്ഐഎമും ടൂറിസം വകുപ്പും സംയുക്തമായാണ് സാഹസികയാത്ര സംഘടിപ്പിച്ചത്. ഒക്ടോബര്‍ 4 ന് ഡെറാഡൂണില്‍വച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് സാഹസികയാത്ര ഫ്ളാഗ് ചെയ്തത്.






