
2018 മോഡല്‍ പോര്‍ഷെ കയെന് ഇന്ത്യയില്‍ അവതരിപ്പിച്ചു. മഡ്, ഗ്രാവല്‍, സാന്‍ഡ്, റോക്ക് എന്നീ നാല് മോഡുകള്‍ മൂന്നാം തലമുറ പോര്‍ഷെ കയെനില്‍ ലഭിക്കും. ബുക്കിംഗ് സ്വീകരിച്ച ആദ്യ ബാച്ച് കാറുകള്‍ ഇതിനകം വിറ്റുപോയി. എസ്യുവിയുടെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.19 കോടി രൂപയും ഇ-ഹൈബ്രിഡ് വേരിയന്റിന് 1.58 കോടി രൂപയും ടര്‍ബോ വേരിയന്റിന് 1.92 കോടി രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.
ഇന്ത്യയില്‍ പോര്‍ഷെയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് കയെന്. റേഞ്ച് റോവര്‍ സ്പോര്‍ട്, ബിഎംഡബ്ല്യു എക്സ്5 എം എന്നീ മോഡലുകളാണ് മുഖ്യ എതിരാളികൾ. പുതിയ കയെന് ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എംഎല്‍ബി-ഇവോ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ നീളത്തിലും വീതിയോടെയുമാണ് പുതിയ കയെന് വരുന്നത്.
അതേസമയം ഭാരം 65 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. നടുവില്‍ വലിയ 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്കിയിരിക്കുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ 7 ഇഞ്ച് വലുപ്പമുള്ള രണ്ട് ഫുള്‍ എച്ച്ഡി ഡിസ്പ്ലേകള്‍ കാണാം. ലെയ്ന്‍ ചേഞ്ചിംഗ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്നിഷന്‍ സഹിതം ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് ജാം അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഇതിൽ ഒരുങ്ങുന്നു.
പോര്‍ഷെ പനമേരയിലേതുപോലെ പിന്നില്‍ ഇരു ടെയ്ല് ലാംപുകളെയും ബന്ധിപ്പിച്ച് ലൈറ്റ് ബാര്‍ കാണാം. മുന്‍വശത്ത്, ഗ്രില്‍ ഡിസൈനില്‍ മാറ്റം വരുത്തി. ഹെഡ്ലാംപുകളില്‍ പോര്‍ഷെയുടെ തനത് 4 പോയന്റ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കാണാം. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ കയെന് ഇ-ഹൈബ്രിഡിന് 5 സെക്കന്‍ഡ് മതിയെന്ന് അവകാശപ്പെടുന്നു. മണിക്കൂറില്‍ 253 കിലോമീറ്ററാണ് ടോപ് സ്പീഡ്. 44 കിലോമീറ്റര്‍ വരെ ഓള്-ഇലക്ട്രിക് റേഞ്ച് ലഭിക്കും.






