വിശാഖപട്ടണം : വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം ഇന്ത്യന്താരങ്ങള്ക്കു കരുതിവച്ചിരിക്കുന്നത് നിരവധി റെക്കോര്‍ഡുകളാണ്. ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനം ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും രോഹിത് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്നു നടത്തുന്ന സെഞ്ച്വറി കൂട്ടുകെട്ടുകളാണ് അനുസ്മരിപ്പിക്കുന്നത്.
ഇനി ബുധനാഴ്ച വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളും. ഇന്ത്യയുടെ ചില താരങ്ങള്‍ രണ്ടാം ഏകദിനത്തില്‍ നാഴികക്കല്ലുകളാണ് ലക്ഷ്യമിടുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം.
എല്ലാ ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവക്കുന്ന കൊഹ്ലിയെ ഇതിഹാസ താരം സച്ചിനോടാണ് ആരാധകര്‍ പലപ്പോഴും താരതമ്യപ്പെടുത്തുന്നത്. ഇനി താരതമ്യങ്ങള്‍ ശക്തിപ്പെടാനാണ് സാധ്യത. ഏകദിന ക്രക്കറ്റില്‍ ഏറ്റവൂം വേഗത്തില്‍ 10000 റണ്‍സ് നേടുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് കൊഹ്ലി.
സച്ചിന് 10000 റണ്‍ നേടാന്‍ 259 ഇന്നിംഗ്സ് വേണ്ടി വന്നപ്പോള്‍ കോഹ്ലി ഇതുവരെ കളിച്ചത് 204 ഇന്നിംഗ്സ് മാത്രമാണ് . ഇനി 10000 ക്ലബ്ബില്‍ കയറാന്‍ വേണ്ടത് 81 റണ്‍സ് മാത്രം. സച്ചിന്റെ റെക്കോര്‍ഡുകള്‍ ഒരോന്നോരാന്നായ് തകര്‍ത്തുകൊണ്ടിരിക്കുന്ന കൊഹ്ലി അടുത്ത മത്സരത്തില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കണക്കുകൂട്ടാം.
ആദ്യ മത്സരത്തില്‍ വെറും നാലു റണ്‍സുമാത്രം നേടിയ ശിഖര്‍ ധവാന് അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് വിമര്‍ശകര്‍ക്ക് മറുപടിനല്‍കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തത് ധവാനായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 342 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
ഏകദിനത്തില്‍ 5000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ് ധവാന്. 111 ഏകദിനങ്ങളില്‍ നിന്നും 4827 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അടുത്ത കളിയില്‍ 173 റണ്‍സെടുത്താല്‍ ധവാന് 5000 റണ്‍സ് ക്ലബ്ബിലെത്താം. റണ്ണൊഴുകുന്ന വിശാഖപ്പടണത്തെ പിച്ചില്‍ അദ്ദേഹത്തിന് അതിനു കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി 10,000 റണ്‍സ് ക്ലബ്ബിലെത്തുകയെന്ന ലക്ഷ്യവുമായിട്ടാവും രണ്ടാം ഏകദിനത്തില്‍ ക്രീസിലെത്തുക. ആദ്യ കളിയില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. നിലവില്‍ 328 ഏകദിനങ്ങളില്‍ നിന്നും 9949 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. അടുത്ത കളിയില്‍ 51 റണ്‍സെടുത്താല്‍ അദ്ദേഹത്തിന് 10,000 റണ്‍സെന്ന എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ ഇടം പിടിക്കാം. അതിനു സാധിച്ചാല്‍ ഈ നേട്ടത്തിന് അവകാശിയായ ഇന്ത്യയുടെ നാലാമത്തെ താരമെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാവും. 11 താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ 10,000 റണ്‍സ് തികച്ചിട്ടുള്ളത്.






