തിരുവനന്തപുരം: മതത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐ.ജിമാര്‍ക്ക് പിന്തുണയുമായി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സൈബര്‍ ആക്രമണം ദൗര്‍ഭാഗ്യകരമാണ്. മതത്തിന്റെ പേരില്‍ ഐ.ജി മനോജ് ഏബ്രഹാമിനും ഐ.ജി എസ് ശ്രീജിത്തിനുമെതിരായ ആക്രമണം ന്യാകയീകരിക്കാനാകില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
വിദ്വേഷ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. മല കയറാനെത്തിയ യുവതികള്‍ക്ക് ഐ.ജി എസ്. ശ്രീജിത്ത് സുരക്ഷാ ജാക്കറ്റും ഹെല്‍മറ്റും നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.
നിലയ്ക്കലില്‍ ആക്രമാസക്തരായ പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന പോലീസ് നടപടിയുടെ പേരില്‍ ഐ.ജി മനോജ് ഏബ്രഹാമിനെതിരെയും മതം പറഞ്ഞുള്ള സൈബര്‍ ആക്രമണം ശക്തമായിരുന്നു. ക്രിസ്ത്യാനിയായ പോലീസ് ഉദ്യോഗസ്ഥന് ഹിന്ദു ഭക്തരെ മര്‍ദ്ദിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു സൈബര്‍ ആക്രമണം.
