
ഷിബു എന്ന് സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന് ബിജിപാല്‍. 'ഷിബു ഒരു ചിന്ത' എന്ന പേരില്‍ ഫെയ്സ്ബുക്കിലാണ് സന്ദീപാനന്ദഗിരിക്ക് അനുകൂലമായി ബിജിപാലിന്റെ പോസ്റ്റ്.
ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന് എന്ന അര്‍ത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫെസ്ബുക്ക് പോസ്റ്റില്‍ ബിജിപാല്‍ വ്യക്തമാക്കുന്നു. തന്നെ ഷിബു വെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയും സന്ദീപാനന്ദ ഗിരിയും പ്രതികരിച്ചിരുന്നു. പൂര്‍വാശ്രമത്തിലെ തന്റെ പേര് തുളസീദാസ് എന്നതാണെന്നും തന്റെ വാദങ്ങള്‍ക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ഷിബു എന്നും മറ്റുമൊക്കെ ചിലര്‍ അഭിസംബോധന ചെയ്യുന്നതെന്നായിരുന്നു പ്രതികരണം.
ബിജിപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഷിബു : ഒരു ചിന്ത.
നമ്മൾ മലയാളികളിൽ ചിലരുടെ പേരുകൾ - ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാൾ, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. 'വ' എന്ന ശബ്ദം അവർ 'ബ' എന്നും 'അ' എന്നത് 'ഒ' എന്നും 'ശ' എന്ന ശബ്ദം 'ഷ' എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവർക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാർത്ഥത്തിൽ ജ്യോതി വാസു ആണ്. 'ഷിബു' എന്നത് മറ്റൊന്നുമല്ല 'ശിവ' എന്നാണ്. പൂർവാശ്രമത്തിൽ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികൾ വിളിക്കുന്നത് അയ്യപ്പൻറെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകൾ.






