
എഫ്-പേസ് എസ്യുവിയുടെ പെട്രോള്‍ വേര്‍ഷന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അവതരിപ്പിച്ചു. 63.17 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പ്രെസ്റ്റീജ് എന്ന വേരിയന്റില്‍ മാത്രമായിരിക്കും എഫ്-പേസ് പെട്രോള്‍ ലഭിക്കുന്നത്. 63.57 ലക്ഷം രൂപയാണ് നിലവില്‍ വിപണിയിലുള്ള ഡീസല്‍ വേര്‍ഷന്‍ വില. പെട്രോള്‍ വേര്‍ഷന്റെ ബുക്കിംഗ് ആരംഭിച്ചെന്നാണ് സൂചന.
0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 217 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2 ലിറ്റര്‍ ഇന്‍ജീനിയം എന്‍ജിനാണ് എഫ്-പേസ് പെട്രോള്‍ വേര്‍ഷനിൽ ഒരുങ്ങുന്നത്. 247 ബിഎച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി ചേര്‍ത്ത 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് നാല് ചക്രങ്ങളിലേക്കും കരുത്തേകും.
ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ആറാമത്തെ ജെഎല്‍ആര്‍ വാഹനമാണ് എഫ്-പേസ്. ജാഗ്വാര്‍ എക്സ്ഇ, എക്സ്എഫ്, എക്സ്ജെ, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയാണ് മറ്റ് മോഡലുകള്‍. ഇന്ത്യയില്‍ 2017 നവംബര്‍ മുതല്‍ എഫ്-പേസ് എസ്യുവിയുടെ അസംബ്ലിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന് ഡീസല്‍ വേര്‍ഷനാണ് അസംബിള്‍ ചെയ്തുതുടങ്ങിയത്. ഇന്ത്യയില്‍ എഫ്-പേസ് എസ്യുവിയുടെ പെട്രോള്‍ വേര്‍ഷന്റെ ഉല്‍പ്പാദനം ആരംഭിച്ചതായി ഇതോടൊപ്പം ജാഗ്വാര്‍ ഇന്ത്യ അറിയിച്ചു.
പത്ത് തരത്തില്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍ക്കായി ക്രോം സ്വിച്ചുകള്‍, ഇല്യുമിനേറ്റഡ് മെറ്റല്‍ ട്രെഡ്പ്ലേറ്റുകള്, സ്വേഡ് ക്ലോത്ത് ഹെഡ്ലൈനര്, ബ്രൈറ്റ് മെറ്റല്‍ പെഡലുകള്‍ എന്നിവ 2019 മോഡല്‍ എഫ്-പേസിന് ലഭിക്കുന്നു.കാബിന് എയര്‍ അയണൈസേഷന്‍, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍, പാര്‍ക്ക് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, 360 ഡിഗ്രി പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്, വൈ-ഫൈ ഹോട്ട്സ്പോട്ട് പ്രോ സര്‍വീസസ്, 10.2 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് സവിശേഷതകൾ.






