
ടിവിഎസ് മോട്ടോര്‍ കമ്പനി അര്‍ജന്റീനയില്‍ കൂടുതല്‍ മോഡലുകള്‍ വിൽക്കാൻ പോകുന്നു. ബ്യൂണസ് ഐറീസില്‍ നടന്ന അന്തര്‍ദേശീയ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുതിയ മോഡലുകള്‍ ടിവിഎസ് പ്രദര്‍ശിപ്പിച്ചു. റിപ്പോർട്ട് പ്രകാരം അപ്പാച്ചെ ആര്‍ആര്‍ 310, അപ്പാച്ചെ ആര്ടിആര് 200 4വി, എന്‍ടോര്‍ക്ക് 125 മോഡലുകളാണ് പുതുതായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ വിപണിയിലെത്തിക്കുന്നത്.
ബ്യൂണസ് ഐറീസിലെ ടൈഗര്‍ പ്രവിശ്യയിലെ വ്യവസായ കേന്ദ്രത്തില്‍ ടിവിഎസ് ഇരുചക്ര വാഹനങ്ങള്‍ അസംബിള്‍ ചെയ്യും. അര്‍ജന്റീനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വിതരണക്കാര്‍ ബീറ്റ മോട്ടോറാണ്. നൂറോളം ഡീലര്‍ഷിപ്പുകളിലൂടെയാണ് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നത്. ആര്ടിആര് 150, ടിവിഎസ് ആര്ടിആര് 160 4വി, ടിവിഎസ് റോക്ക്സ് എന്നീ ഇരുചക്ര വാഹനങ്ങളും ഹൊസൂര്‍ ആസ്ഥാനമായ കമ്പനിയുടെ അര്‍ജന്റീനയിലെ ഉല്‍പ്പന്നങ്ങളില്‍പ്പെടും. 2019 ജനുവരി മുതല്‍ ഘട്ടംഘട്ടമായി ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കും.
ടിവിഎസ് മോട്ടോര്‍ കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ചതിലൂടെ അര്‍ജന്റീനിയന്‍ വിപണിയില്‍ ഒന്നാന്തരം മോഡലുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചതായി ബീറ്റ മോട്ടോര്‍ വൈസ് പ്രസിഡന്റ് ലിനോ സ്റ്റെഫനുട്ടോ വ്യക്തമാക്കി. അര്‍ജന്റീനിയന്‍ വിപണിയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടെന്ന് ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് (ഇന്റര്‍നാഷണല്‍ ബിസിനസ്) ആര് ദിലീപ് പറഞ്ഞു.






