
ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ വണ്‍പ്ലസ് സ്മാര്‍ട്ട് ടിവികളുമായി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങി. അടുത്തിടെയാണ് വണ്‍പ്ലസിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പീറ്റ് ലവിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ടിവികള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ വിഭാഗം രൂപീകരിച്ചത്.
"സ്മാര്‍ട്ട് ടെലിവിഷനുകള്‍ വണ്‍പ്ലസിന്റെ ഉല്‍പ്പന്നങ്ങളില്‍ മുന്‍നിരയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വണ്‍പ്ലസ് സ്മാര്‍ട്ട് ടിവികളുടെ ആദ്യ വിപണികളില്‍ ഒന്നായിരിക്കും ഇന്ത്യ. ഉപഭോക്താക്കളുടെ അനുഭവത്തിലും മുന്‍നിര വിഭാഗത്തിലും ഞങ്ങള്‍ മികവു പുലര്‍ത്തുന്നുണ്ട്. ഇന്ത്യ ഒരു വലിയ വിപണിയാണെന്നും ടിവി വിഭാഗത്തില്‍ ഒന്നിലധികം കമ്പനികള്‍ക്ക് സാധ്യതകളുണ്ട്."-വണ്‍ പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പെയ് പറഞ്ഞു.
ഷവോമി, മൈക്രോമാക്സ്, ഇന്റെക്സ് തുടങ്ങിയ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുടേയും കൊഡാക്, തോംസണ്‍, ബ്ലൗപക്റ്റ്, സ്കൈവര്‍ത്ത്, ടിസിഎല്‍ എന്നീ പുതിയ ബ്രാന്‍ഡുകളുടേയും പ്രവേശനം ഇന്ത്യന്‍ വിപണി സമീപകാലത്ത് കണ്ടു. പ്രതിവര്‍ഷം 15 ശതമാനം വളര്‍ച്ചയാണ് 22,000 കോടി രൂപയിലധികം മൂല്യമുള്ള ഇന്ത്യന്‍ ടെലിവിഷന്‍ വിപണി കൈവരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഷഓമിയുടെ സ്മാര്‍ട്ട് ടിവി ബ്രാന്‍ഡാണ് ഇന്ത്യന്‍ വിപണിയില്‍ ഒന്നാമത് നില്‍ക്കുന്നത്.






