
അങ്കാറ: തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയെന്നു നിഗമനം. തുര്‍ക്കി പ്രസിഡന്റ് റസപ് തയിപ് എര്‍ദോഗന്റെ ഉപദേശക സംഘത്തിലെ ലാസിന് അക്തായിയാണ് ഈ സൂചന പുറത്തുവിട്ടത്.
മൃതദേഹം ആസിഡില്‍ ലയിപ്പിച്ചിരിക്കാനുള്ള സാധ്യത അന്വേഷണത്തിലാണെന്നു വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം നേരത്തേ റിപ്പോര്‍ട്ട്
ചെയ്തിരുന്നു. മൃതദേഹം വെട്ടിനുറുക്കി മറവു ചെയ്തെന്ന സൂചനയാണു സൗദി ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്.ഖഷോഗിയെ വധിക്കാന്‍ സൗദി അധികൃതര്‍ കൃത്യമായ ആസൂത്രണം നടത്തിയിരുന്നെന്നും കോണ്സുലേറ്റിലേക്കു വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും തുര്‍ക്കി പ്രോസിക്യൂഷന് മേധാവി വെളിപ്പെടുത്തി. മൃതദേഹം വെട്ടിമുറിക്കുക മാത്രമല്ല, അതു ലയിപ്പിച്ചു നശിപ്പിച്ചിരിക്കാമെന്ന് ഹുറിയെത് ദിനപത്രത്തോട് യാസിന് അക്തായ് പറഞ്ഞു. ലയിപ്പിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാകാം മൃതദേഹം വെട്ടിനുറുക്കിയത്.
മൃതദേഹത്തിന്റെ അംശം പോലും ശേഷിക്കരുതെന്ന് അവര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നു. മറവുചെയ്യാനായി ഒന്നു േശേഷിച്ചിരുന്നില്ല. ''നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയത് ഒരു കുറ്റം. മൃതദേഹത്തോടു ചെയ്തത് കുറ്റകൃത്യവും അവഹേളനവും''- അക്തായ് പറഞ്ഞു. കോണ്‍സുലേറ്റിലെ പൂന്തോട്ടത്തില്‍നിന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചെന്നാണു തുര്‍ക്കി ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. പൂന്തോട്ടത്തിലെ കിണര്‍ പരിശോധിക്കാന്‍ തുര്‍ക്കി പോലീസിനു സൗദി അനുമതി നല്‍കിയിരുന്നില്ല, എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാമ്പിള്‍ നല്‍കിയിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്.






