
ഹ്യുണ്ടായി i20 -യ്ക്ക് സുരക്ഷ കുറവെന്ന് റിപ്പോർട്ട്. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) i20 ഹാച്ച്ബാക്കിന് ദൃഢത കുറവാണെന്നു പറയുന്നു. ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തുന്ന ഹ്യുണ്ടായി 2018 മോഡല്‍ i20 ഹാച്ച്ബാക്കാണ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.
മുതിര്‍ന്ന യാത്രക്കാര്‍ക്കു മൂന്നു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് രണ്ടു സ്റ്റാര്‍ സുരക്ഷയും മാത്രമാണ് 64 കിലോമീറ്റര്‍ വേഗത്തില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ i20 കാഴ്ച്ചവെച്ചത്. ഹ്യുണ്ടായി i20 ഹാച്ച്ബാക്കിന്റെ ദക്ഷിണാഫ്രിക്കന്‍ പതിപ്പിന് സൈഡ് ബോഡി എയര്‍ബാഗുകള്‍, സൈഡ് കര്ട്ടന് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ നിര്‍ണ്ണായക സുരക്ഷ സംവിധാനങ്ങളൊന്നുമില്ല.
ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും i20 ഹാച്ച്ബാക്കിലെ സുരക്ഷാ സംവിധാനങ്ങളാണ്. 1,286 കിലോ ഭാരമുണ്ട് ഹാച്ച്ബാക്കിന്.
ഇരട്ട മുന്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയെല്ലാം മാത്രമല്ല, ഇന്ത്യയില്‍ വില്പനയ്ക്കുവരുന്ന i20 ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഒരുങ്ങുന്നുണ്ട്. ഉയര്‍ന്ന i20 മോഡലുകളില്‍ സൈഡ് കര്ട്ടന് എയര്‍ബാഗുകളും ക്യാമറയോടുകൂടിയ റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും ലഭിക്കും.






