
പാറ്റ്ന: വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്. വിവാഹമോചന വാര്‍ത്ത ശരിയാണെന്ന് തേജ് പ്രതാപ് യാദവ് സ്ഥിരീകരിച്ചു. പരസ്പരം യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്തവര്‍ പിരിയുന്നതാണ് നല്ലതെന്നും തേജ് പ്രതാപ് പറഞ്ഞു. വിവാഹമോചന ഹര്‍ജി നല്‍കിക്കഴിഞ്ഞതായി തേജ് പ്രതാപ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വെളിപ്പെടുത്തി.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും തേജ് പ്രതാപ് യാദവിന്റെയും മകനായ തേജ് പ്രതാപ് യാദവും ആര്.ജെ.ഡി നേതാവ് ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയും ഇക്കഴിഞ്ഞ മെയ് 12നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുമ്പാണ് തേജ് പ്രതാപ് യാദവ് വിവാഹമോചിതനാകുന്നത്. പാറ്റ്ന കോടതിയില്‍ വെള്ളിയാഴ്ച വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു.
ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹമോചന ഹര്‍ജി നല്‍കിയതായി തേജ് പ്രതാപിന്റെ അഭിഭാഷകന് യശ്വന്ത് കുമാര്‍ ശര്‍മ്മയും സ്ഥിരീകരിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അഭിഭാഷകന് പറഞ്ഞു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ ചെറുമകള്‍ കൂടിയായ ഐശ്വര്യ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്ത പുറത്ത് വന്നത്.







Comments