കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേത് ഉള്‍പ്പടെ രാഷ്ട്രീയ സമരങ്ങളെത്തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ സിപിഎം ജനപ്രതിനിധികള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിചാരണ കൂടാതെ പിന്‍വലിച്ചു. കേസുകള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രോസിക്യൂഷന് സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചാണ് കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പിന്‍വലിച്ചത്.
സിപിഎം നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിച്ചത്. റോഡ് ഉപരോധവും ഹര്‍ത്താലുമടക്കമുള്ള കേസുകളാണിവ. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി കെ.കെ. ശൈലജ, എംഎല്‍എമാരായ ജെയിംസ് മാത്യു, ടിവി രജേഷ്, എം. സ്വരാജ്, സിപിഎം നേതാവായ എം. വിജയകുമാര്‍ എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിച്ചിട്ടുണ്ട്.
തിരുവനന്തപുരം മ്യൂസിയം, കോന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമെ കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചിട്ടുണ്ട്.






